തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറംലോകം കാണുന്നത് വൈകിപ്പിക്കാൻ ഗൂഢനീക്കമെന്ന് ആക്ഷേപം.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ റിപ്പോർട്ട് പുറത്തു വിടാതിരുന്നത്.
കോടതിയുടെ സ്റ്റേ ഉത്തരവൊന്നും ഇല്ലാതിരുന്നിട്ടും റിപ്പോർട്ട് സർക്കാർ പുറത്തു വിട്ടില്ല.
കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർന്നുള്ള നടപടികളെന്ന് സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിക്കുകയും ചെയ്തു.
പുറത്തുവിടുന്നതിന് നിയമപരമായി തടസം ഇല്ലെന്നിരിക്കെ, നടിയുടെ അഭ്യർത്ഥനയിൽ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ സംസ്ഥാന വിവരാവകാശ കമ്മിഷന് പരാതി നൽകി. എസ്.പി.ഐ.ഒയോട് വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സിനിമ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിക്ക് റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. സിഗിംൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് നടി രഞ്ജിനി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ സർക്കാർ പിന്നാക്കം പോകുകയായിരുന്നു. താനും കമ്മിറ്റിക്ക് മൊഴിനൽകിയിട്ടുണ്ടെന്നും തന്നെകൂടി കേൾക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളുകയും ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
തൊട്ടുപിന്നാലെ, അപ്പീലിൽ വിധിയുണ്ടാകുന്നത് വരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി സാംസ്‌കാരിക വകുപ്പിനോട് ആഭ്യർഥിച്ചു. രഞ്ജിനിയുടെ രേഖാമൂലമുള്ള അപേക്ഷ വെള്ളിയാഴ്ച രാത്രിയോടെ പ്രത്യേക ദൂതൻ വഴി സാംസ്‌കാരിക വകുപ്പിന് ലഭിച്ചു. ഇതോടെ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് ശനിയാഴ്ച രാവിലെ 8.30ഓടെ എസ്.പി.ഐ.ഒ അപേക്ഷകരെ അറിയിക്കുകയായിരുന്നു.
അതേസമയം, റിപ്പോർട്ട് പുറത്തുവിടണമെന്ന് വനിത കമ്മിഷൻ ആവർത്തിച്ചു. ആരും ആശങ്കപ്പടേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link