സമഗ്രകാർഷിക നയം രൂപീകരിക്കും: മന്ത്രി പ്രസാദ്

തിരുവനന്തപുരം; കാലാവസ്ഥവ്യതിയാനം അടക്കമുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വിദഗ്ദ്ധ അഭിപ്രായങ്ങൾ ശേഖരിച്ച് സമഗ്രകാർഷിക നയം രൂപീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കാബ്‌കോ എക്‌സ്‌പോ സെന്ററിന്റെയും അഗ്രിപാർക്കിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷികരംഗത്തെ ദ്വിതീയ മേഖലയിൽ ശ്രദ്ധയൂന്നി സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കാബ്കോ എക്സ്പോ സെന്ററെന്ന് മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കാബ്കോ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള,കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത്. എൻ,നഗരസഭ മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,കരിക്കകം വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ,മുതിർന്ന കർഷകൻ ജ്ഞാനദാസ്,പദ്ധതിയുടെ ഡിസൈനർ ആർക്കിടെക്റ്റ് ഡോ. സുജിത് കുമാർ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിൽ

65,000 ചതുരശ്രഅടി വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന എക്‌സിബിഷൻ സെന്റർ ഒരു വർഷത്തിനകം പൂർത്തിയാക്കും. എക്‌സിബിഷനുകൾ,കൺവെൻഷനുകൾ,ട്രേഡ് ഷോകൾ തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ഏഴു നിലകളിലായി കൃഷിവകുപ്പിന് കീഴിലെ വിശാലമായ പൊതു ഓഫീസ് സമുച്ചയമാണ് അഗ്രിപാർക്ക് എന്ന പേരിലുള്ള അഗ്രോ ടവർ. കാർഷിക-ഭക്ഷ്യ മേഖല ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ അഗ്രി ടവറിന്റെ നിർമ്മാണവും ഇതോടൊപ്പം ആരംഭിക്കും. എക്സിബിഷൻ സെന്റർ എട്ടുകോടിയ്ക്കും അഗ്രിപാർക്ക് 50 കോടിയ്ക്കുമാണ് സ്ഥാപിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.


Source link
Exit mobile version