സ്മാർട്ട് ഫാമിംഗിലേക്ക് മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനം കാരണം കാർഷിക മേഖലയിലുണ്ടാകുന്ന ആഘാതം നേരിടാൻ സ്മാർട്ട് ഫാമിംഗ് സാദ്ധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ ഉദ്‌ഘാടനവും കർഷക അവാർഡ് വിതരണവും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകമാകെ സ്മാർട്ട് ഫാമിംഗിലേക്ക് മാറുകയാണ്.കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനായില്ലെങ്കിൽ ഭക്ഷ്യലഭ്യതകുറവും അതിലൂടെ പോഷഹാരക്കുറവും ഉണ്ടാകും. മഴയെ ആശ്രയിച്ചുള്ള നെൽകൃഷിയിൽ 2050 ആകുമ്പോൾ 20 ശതമാനവും 2080 ൽ 47 ശതമാവും ഉല്പാദനക്കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മറ്റു വിളകളിലും സമാനമായ കുറവ് ഉണ്ടാകും. ഉല്പാദന ക്ഷമത കൈവരിക്കൽ , കാലാവസ്ഥ വ്യതിയാനത്തിലെ പ്രത്യാഘാതങ്ങൾ ചെറുക്കാൻ കഴിയുന്ന അഡാപ്റ്റേഷൻ പ്രോസസ്, പരിസ്ഥിതിക്കുണ്ടാകുന്ന ദോഷം കുറയ്‌ക്കൽ എന്നിവ സ്മാർട്ട് ഫാമിംഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിക്ക് അനുകൂലമാകുന്ന ചെറുകിട ജലസേചന പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവ തടയാനാകും. കാലാവസ്ഥയ്ക്ക് അനുസൃതമായി കാർഷിക കലണ്ടർ നവീകരിക്കണം.കതിർ ആപ്പിന്റെ ലോഞ്ചിഗും മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് സമഗ്ര പച്ചക്കറി കൃഷി പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ കേരളത്തിനാവശ്യമായ പച്ചക്കറി ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക അവാർഡ് ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങി.
മന്ത്രി ജി.ആർ.അനിൽ,എം.എൽ.എമാരായ ഐ.ബി.സതീഷ്, ആന്റണി രാജു, കെ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുല്ല,സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത്.എൻ, കാബ്കോ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, മുതിർന്ന കർഷകൻ ഗംഗാധരൻ, കർഷകത്തൊഴിലാളി നെൽസൺ എന്നിവർ പങ്കെടുത്തു.


Source link

Exit mobile version