CINEMA

എറവിൽനിന്ന് ഉള്ളൊഴുകിവന്ന ശബ്ദം; ജയദേവന് നാലാം പുരസ്കാരം

എറവിൽനിന്ന് ഉള്ളൊഴുകിവന്ന ശബ്ദം; ജയദേവന് നാലാം പുരസ്കാരം

എറവിൽനിന്ന് ഉള്ളൊഴുകിവന്ന ശബ്ദം; ജയദേവന് നാലാം പുരസ്കാരം

ബൈജു പോൾ

Published: August 18 , 2024 11:51 AM IST

2 minute Read

ചിത്രത്തിൽ ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ

തൃശൂരിലെ എറവിൽനിന്ന് പെരുമ്പുഴ പാടത്തേക്ക് ഏകദേശം 3 കിലോമീറ്ററേയുള്ളൂ. ഈ ചെറിയ ദൂരത്തേക്ക്  ജയദേവൻ ഒരുപാടു തവണ യാത്ര ചെയ്തിട്ടുണ്ട്. ഒച്ച ശേഖരിക്കാനായിരുന്നു സ്വന്തം വീട്ടിൽ നിന്നുള്ള ഈ രാത്രിയാത്രകളെല്ലാം. ചീവീടിന്റെ കരച്ചിൽ, വാഹനങ്ങൾ പാഞ്ഞുപോകുമ്പോൾ വഴിയരികിലെ ഇലകൾ തമ്മിലുരസുമ്പോഴത്തെ ചെറു മർമരം, പാടം കടന്നുപോകുന്ന രാത്രിപ്പക്ഷിയുടെ ചിറകൊച്ച.. അങ്ങനെ എത്രയോ ശബ്ദങ്ങൾ…ഈ ചെറു യാത്രകളിൽ ശേഖരിച്ചുവച്ച ശബ്ദങ്ങളാണ്  ജയദേവൻ ചക്കാടത്തിനെ വലിയ ബഹുമതികളിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ ശബ്ദ രൂപകൽപനയ്ക്കുള്ള അവാർഡ് ജയദേവനെ തേടിയെത്തുന്നത് പ്രകൃതിയുടെ ശബ്ദം തേടിയുള്ള കൊച്ചു കൊച്ചു യാത്രകളുടെ ആഴമാണ്. ഉള്ളൊഴുക്ക് സിനിമയാണ് ജയദേവനെ പുരസ്കാരത്തിനർഹനാക്കിയത്. ഒപ്പം പ്രവർത്തിച്ച അനിൽ രാധാകൃഷ്ണൻ കൂടി ഈ അവാർഡ് പങ്കിടുന്നു. ഇരുവരും ചേർന്ന് ഇതുവരെ ഒരുപാട് സിനിമകൾ ചെയ്തു. ഇരുവരും തമ്മിൽ മൃദുമന്ത്രണം പോലുള്ളൊരീ ഉള്ളൊഴുക്ക് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പെരുമ്പുഴ പാടത്തുനിന്ന്  റെക്കോർഡ് ചെയ്തെടുത്ത ചീവീടിന്റെതടക്കമുള്ള ശബ്ദം ഉള്ളൊഴുക്കിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ജയദേവന്റെ എറവിലെ വീടും പാടത്തിനോടു ചേർന്നുതന്നെയാണ്. രാത്രികളിൽ എത്രയോ മണിക്കൂറുകൾ ജയദേവൻ വീടിന്റെ തൊടിയിൽ അറിഞ്ഞതും അറിയാത്തതുമായ  ശബ്ദം തേടി കാവലിരുന്നിട്ടുണ്ട്. ഷൂട്ടിങ് നടക്കുമ്പോൾത്തന്നെ ചുറ്റുമുള്ള ശബ്ദം റെക്കോർഡ് ചെയ്യുകയെന്നതു മാത്രമല്ല മികച്ച ശബ്ദരൂപകൽപനയിലൂടെ ഉദ്ദേശിക്കുന്നത്. കഥാസന്ദർഭത്തിലേക്ക് ഏതൊക്കെ ശബ്ദങ്ങൾ വേണമെന്നും ഇണങ്ങുമെന്നും കൂടി തീരുമാനിക്കാനുള്ള കഴിവുണ്ടാകണം മികച്ചൊരു സൗണ്ട് ഡിസൈനർക്ക്. അത് സ്വാഭാവിക ശബ്ദമാകാം. അല്ലെങ്കിൽ അതിവിദഗ്ധമായി കൃത്രിമമായി ഒരുക്കിയെടുക്കണം. ഈ മികവുതന്നെയാണ് നാലാം തവണയും സംസ്ഥാന പുരസ്കാരത്തിലേക്ക് നയിച്ചത്. ഒരുതവണ  ദേശീയ അവാർഡും നേടിയിട്ടുണ്ട്.  
മഴനനവ്

മഴയും നനവും മരണവുമാണ് ഉള്ളാഴുക്കിന്റെ കാതൽ. അകത്തും പുറത്തും മഴയാണ്. പുറത്ത് പ്രകൃതി കോരിച്ചൊരിയുന്ന മഴ,  അകത്തോ രണ്ട് കഥാപാത്രങ്ങൾ ഉള്ളിലൊഴുക്കുന്ന കണ്ണീർമഴയും മരണമഴയും. പലതരം മഴകൾ പെയ്തു വീഴുന്ന ചെറിയ വീട്ടിലെയും പരിസരത്തെയും നനവിന്റെ ആഴം ഒപ്പിയെടുക്കുകയെന്നത് കനത്ത വെല്ലുവിളിയും അതേസമയം സൗണ്ട് ഡിസൈനറെ സംബന്ധിച്ച് സ്വർ‌ണഖനിയും ആണെന്ന്  ജയദേവനും അനിൽ രാധാകൃഷ്ണനും പറയുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി മണിക്കൂറുകളോളം കുട്ടനാട്ടിലെ പാടത്തെ വെള്ളത്തിൽ നിന്നുകൊണ്ടാണ് ശബ്ദങ്ങൾ പിടിച്ചെടുത്തത്. വെള്ളക്കെട്ടുള്ളപ്പോഴും നേരിയ വെള്ളത്തിലും കാൽവയ്ക്കുന്നതിലെ ശബ്ദവ്യത്യാസം പോലും സൂക്ഷ്മമായി പിടിച്ചെടുക്കുകയോ കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യേണ്ടിവന്നു. ശ്വാസനിശ്വാസംപോലും കഥാപാത്രമാകുന്ന ഉള്ളൊഴുക്കിൽ മെഴുകുതിരിനാളത്തിന്റെ ഉലയലും തീനാളത്തിലേക്ക് മഴത്തുള്ളി വീഴുന്ന ശബ്ദം പോലും സൂക്ഷ്മതയോടെ ഒരുക്കിയെടുത്തു. കത്തുന്ന തിരിയിൽ വെള്ളത്തുള്ളി ഇറ്റിച്ച് കൃത്രിമമായാണ് ആ ശബ്ദം സൃഷ്ടിച്ചത്. ശബ്ദത്തിന്റെ മന്ത്രംകൊണ്ട് തിരക്കഥയെ ഒരുപടികൂടി എങ്ങനെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്ന ചിന്തയാണ് ശബ്ദരൂപകൽപനയുടെ ഏറ്റവും വലിയ വെല്ലുവിളി. ആ ചലഞ്ച് വിജയം കണ്ടതിന്റെ ഉദാഹരണമാണ് പുരസ്കാരം.

മെക്കാനിക്കലല്ല

മെക്കാനിക്കൽ ആകേണ്ട ജീവിതവും പ്രഫഷനും ‘മെക്കാനിക്കലാ’കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് കൊച്ചി കുസാറ്റിലെ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം  ജയദേവൻ കൊൽക്കത്തയിലേക്ക് വണ്ടി കയറിയത്. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമോട്ടോഗ്രഫിയായിരുന്നു ലക്ഷ്യം. എന്നാൽ സീറ്റ് കിട്ടിയില്ല. സംഗീതത്തോട് താൽപര്യമുണ്ട്, മെക്കാനിക്കൽ എൻജിനീയറിങ് വഴി ലഭിച്ച സാങ്കേതികജ്ഞാനവുമുണ്ട്. എങ്കിൽ എന്തുകൊണ്ട് സൗണ്ട് മിക്സിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചുകൂടായെന്ന ഇൻസ്റ്റിറ്റ്യൂട്ടുകാരുടെ ചോദ്യമാണ് ജയദേവനെ നാടറിയുന്ന ശബ്ദ രൂപകൽപനാ വിദഗ്ധനാക്കിയത്. ലെവൽ ക്രോസ്, ഭ്രമയുഗം, പെരുമാനി, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നിവയടക്കം നാൽപത്തഞ്ചോളം സിനിമകൾ ഇതുവരെ ചെയ്തു. ബോളിവുഡിലും ഒരുപാട് ചിത്രങ്ങൾ. ഈയിടെ പുറത്തിറങ്ങിയ ബാഡ് ന്യൂസ് എന്ന ഹിന്ദി സിനിമയുടെ സൗണ്ട് ഡിസൈനറും ജയദേവനാണ്. കൊൽക്കത്തയിൽ ജയദേവന്റെ ജൂനിയറായിരുന്നു ഉള്ളൊഴുക്കിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി. ആ അടുപ്പമാണ് ഈ ചിത്രത്തിലേക്കെത്തിച്ചത്. ക്രിസ്റ്റോയുടെ അമ്മയുടെ വീട്ടിലാണ് ഉള്ളൊഴുക്ക് ചിത്രീകരിച്ചത്. 4 വർഷമായി അവർ ഈ വീട് ഷൂട്ടിങ്ങിനായി ഒരുക്കിയിട്ടിരിക്കുകയായിരുന്നു. മരണവീട്ടിലെ പ്രാർഥനകളിലും ഒപ്പീസുകളിലും അമ്മയുടെയും ബന്ധുക്കളുടെയും ശബ്ദമുണ്ട്.  
സംസ്ഥാന അവാർഡ് 4, ദേശീയം ഒന്ന്

ജയദേവന്റെ നാലാമത്തെ സംസ്ഥാന പുരസ്കാരമാണിത്. 2017ൽ ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ സൗണ്ട് ഡിസൈനിനും സിങ്ക് സൗണ്ടിനും പുരസ്കാരം ലഭിച്ചു. പിന്നീട് കാർബൺ എന്ന സിനിമയിൽ പുരസ്കാരം. ആ സിനിമയിൽ സൗണ്ട് സിങ്കിനുള്ള പുരസ്കാരം അനിൽ രാധാകൃഷ്ണനായിരുന്നു. കോട്ടയം പാലാ പനമറ്റം സ്വദേശിയാണ് അനിൽ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വരവ്. കാട് പൂക്കുന്ന നേരം എന്ന സിനിമയിലൂടെയാണ് ജയദേവന് ദേശീയ പുരസ്കാരവും ലഭിച്ചത്. ഡോ. ബിജുവിന്റെ ഒരുപാട് സിനിമകളുമായി സഹകരിച്ചു.

English Summary:
Jayadevan’s winning of the State Film Award for Sound Design is a testament to the depth of these small journeys in pursuit of the sounds of nature.

7rmhshc601rd4u1rlqhkve1umi-list baiju-paul mo-entertainment-movie-parvathythiruvothu mo-entertainment-common-malayalammovienews 59vjp66u6snkv308662su8kvvt mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-urvashi


Source link

Related Articles

Back to top button