തിരുവനന്തപുരം: കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടിരുന്നു എന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. അജ്ഞാതനായ ഒരു യുവാവും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു എന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നുണ്ട്.
‘പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. ടെസ്റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നിൽക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്പർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും’ മുൻ ജീവനക്കാരി പറഞ്ഞു. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
മുൻ ജീവനക്കാരി ജോലിചെയ്തിരുന്ന ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളതും. ജസ്നയെ കാണാനില്ലെന്ന വാർത്ത പടം സഹിതം പത്രത്തിൽ വന്നപ്പോൾ ഇത് അന്ന് ഇവിടെവച്ചുകണ്ട പെൺകുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചപ്പോൾ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്. എന്നാൽ തനിക്ക് പരിചയമുള്ള ചില പൊലീസുകാരാേട് വിവരങ്ങൾ പറഞ്ഞിരുന്നു എന്നും അവർ വ്യക്തമാക്കി.
നേരത്തേ പിതാവ് ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു.അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുളള ഡിജിറ്റൽ തെളിവുകളും മുദ്രവച്ച കവറിൽ കോടതിയിൽ പിതാവ് ഹാജരാക്കുകയും ചെയ്തിരുന്നു. ഇത് സിബിഐ അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണോ എന്ന് പരിശോധിച്ചശേഷമാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ സിബിഐ സംഘം കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു.ജസ്നയുടെ വീട്ടിൽ നിന്ന് സാധനങ്ങളും രേഖകളും കണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തില്ലെന്നും ജസ്നയുടെ അജ്ഞാത സുഹൃത്തിലേക്ക് അന്വേഷണം നീണ്ടില്ലെന്നതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ജസ്നയുടെ പിതാവ് ഉന്നയിക്കുന്നത്. തുടരന്വേഷണത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നും സിബിഐ സത്യം കണ്ടെത്തുമെന്നുമാണ് ജയിംസ് പറയുന്നത്.
Source link