അമേരിക്കയിൽ ഇന്ത്യൻ വംശജൻ മോഷ്ടാവിന്റെ വെടിയേറ്റു മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ നോർത്ത് കരോലൈനയിൽ ഇന്ത്യൻ വംശജനായ യുവാവ് മോഷ്ടാവിന്റെ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ വഡോദര സ്വദേശി മെയ്നാങ്ക് പട്ടേൽ (36) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലൈന സംസ്ഥാനത്തെ സാലിസ്ബറി നഗരത്തിൽ എയർപോർട്ട് റോഡിൽ ടുബാക്കോ ഹൗസ് എന്നപേരിൽ കൺവീനിയൻസ് സ്റ്റോർ നടത്തുന്ന മെയ്നാങ്ക് പട്ടേലിനെ കഴിഞ്ഞ ചൊവ്വാഴ്ച മോഷണശ്രമത്തിനിടെയാണു കൗമാരക്കാരൻ കൊലപ്പെടുത്തിയത്.
പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. 2007ലാണ് ഉപരിപഠനത്തിനായി മെയ്നാങ്ക് പട്ടേൽ അമേരിക്കയിലേക്കു പോയത്. പിന്നീട് സാലിസ്ബറിയിലെ ഗ്യാസ് സ്റ്റേഷനോടനുബന്ധിച്ചുള്ള കൺവീനിയൻസ് സ്റ്റോറിൽ മാനേജരായി പ്രവർത്തിച്ചു. പിന്നാലെ സ്വന്തം നിലയിൽ കൺവീനിയൻസ് സ്റ്റോർ ആരംഭിക്കുകയായിരുന്നു. ഏതാനും മാസം മുന്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി വഡോദരയിലെ വീട്ടിലെത്തിയിരുന്നു. ആമിയാണു മെയ്നാങ്കിന്റെ ഭാര്യ. അഞ്ചുവയസുള്ള മകളുണ്ട്.
Source link