‘നജീബാകാൻ പൃഥ്വിരാജ് ശരീരത്തേയും ആത്മാവിനേയും സമർപ്പിച്ചു’

തിരുവനന്തപുരം: ‘ആടുജീവിത”ത്തിലെ നജീബാകാൻ പൃഥ്വിരാജ് സ്വന്തം ശരീരത്തേയും ആത്മാവിനേയും സമർപ്പിച്ചു. …. ”
ഇത് കാണാതെ പോയാൽ അത് സിനിമയോടുചെയ്യുന്ന പൊറുക്കാനാകാത്ത തെറ്റാകും- സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിന്റെ അവസാനമണിക്കൂറിൽ ഒരു ജൂറി അംഗം അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു. ആ നിമിഷം വരെ മികച്ച നടനുള്ള മത്സരത്തിൽ കാതൽ ദി കോറിലെ മാത്യുദേവസി എന്ന കഥാപാത്രാവിഷ്കാരത്തിന്റെ മികവിൽ മമ്മൂട്ടി പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു.
‘കാസ്റ്റ്എവേ” എന്ന ചിത്രത്തിനു വേണ്ടി ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് എടുത്ത ശ്രമത്തിനൊപ്പം ചേർത്തു നിറുത്തേണ്ടതാണ് പൃഥ്വിരാജിന്റെ പ്രകടനമെന്നും അഭിപ്രായം ഉയർന്നു. കഥാപാത്രത്തോട് 100 ശതമാനം കുറുപുലർത്തിയത് മമ്മൂട്ടിയാണെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടുവെങ്കിലും ജൂറി ചെയർമാൻ സുധീർ മിശ്ര ഓരോ ജൂറി അംഗങ്ങളുടേയും വിലയിരുത്തലുകൾ എഴുതി വാങ്ങി. പിന്നീട് നടന്ന ചർച്ചയിലാണ് പൃഥ്വിരാജിനെ മികച്ച നടനായി തീരുമാനിച്ചത്. ഫൈനൽ റൗണ്ടിനു തൊട്ടു മുമ്പു വരെ ജോജു ജോർജ് (ഇരട്ട), ദീലീഷ് പോത്തൻ (ഒ.ബേബി) എന്നിവരേയും പരിഗണിച്ചിരുന്നു.
മികച്ച നടിക്കുള്ള പുരസ്കാര നിർണ്ണയത്തിൽ ഏറെ അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് ഉർവശിക്കും ബീന ആർ. ചന്ദ്രനുമായി പുരസ്കാരം പങ്കിട്ടുനൽകിയത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് പാർവതി തെരുവോത്ത് ആദ്യ രണ്ട് റൗണ്ടുകളിലുണ്ടായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാര നിർണ്ണയത്തിൽ വിജയരാഘവന് വെല്ലുവിളിയായി ആടുജീവിതത്തിൽ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആർ.ഗോകുൽ അവസാന നിമിഷം വരെയുണ്ടായിരുന്നു. ദുരിത പൂർണമായ ജീവിതത്തെ അവതരിപ്പിക്കാൻ സ്വന്തം ശരീരത്തെ കൂടി ഉപയോഗിച്ച ഗോകുലിനെ വിജയരാഘവൻ മറികടന്നത് ഫോട്ടോഫിനിഷിലൂടെയായിരുന്നു. പ്രായാധിക്യമുള്ള കഥാപാത്രത്തിന്റെ വളരെ സൂഷ്മമായ ഭാവങ്ങൾ ആദ്യാവസാനം അദ്ദേഹത്തിന് നിലനിറുത്താനായെന്ന് ജൂറി വിലയിരുത്തി. ഗോകുലിന് ജൂറി പ്രത്യേക പരാമർശം നൽകി.
മികച്ച സിനിമ, സംവിധായകൻ എന്നീ അവാർഡുകൾക്ക് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഒ. ബേബി അവസാന റൗണ്ടുവരെയുണ്ടായിരുന്നു. സംഗീത സംവിധായകനുള്ള പുരസ്കാരത്തിന് ഫൈനൽ റൗണ്ടിൽ എ.ആർ. റഹ്മാൻ ഉണ്ടായിരുന്നു. ആടുജീവിതത്തിലെ പെരിയോനേ റഹ്മാനേ…എന്ന ഗാനമായിരുന്ന പരിഗണിച്ചത്. എന്നാൽ ജസ്റ്റിൻ വർഗീസിന്റെ ചാവേറിലെ ‘ചെന്താമരപ്പൂവിൻ…” എന്ന ഗാനത്തിന്റെ ഈണത്തിൽ മലയാളത്തിന്റെ തനത് ഭംഗിയുണ്ടെന്ന ഭൂരിപക്ഷാഭിപ്രായം പരിഗണിക്കപ്പെടുകയായിരുന്നു.
Source link