കീവ്: റഷ്യക്കുള്ളിൽ കടന്നു പോരാട്ടം തുടരുന്ന യുക്രെയ്ൻ സൈനികർ കുർസ്ക് മേഖലയിൽ സെയം നദിക്കു കുറുകേയുള്ള തന്ത്രപ്രധാന പാലം തകർത്തു. കുർസ്കിലെ യുക്രെയ്ൻ സൈനികരെ നേരിടുന്ന റഷ്യൻ സൈനികർക്ക് സാമഗ്രികൾ എത്തിച്ചിരുന്ന പാലമാണിത്. പാലം തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം രണ്ടാഴ്ചയിലെത്തിയിട്ടും യുക്രെയ്ൻ സേനയെ തുരത്താൻ റഷ്യക്കായിട്ടില്ല. ആയിരത്തോളം ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം നിയന്ത്രണത്തിലാക്കിയെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. റഷ്യൻ അധികൃതർ നേരത്തേ ഒന്നേകാൽ ലക്ഷത്തോളം പേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു മാറ്റിയിരുന്നു. അതേസമയം റഷ്യയിൽ അധിനിവേശം നടത്താൻ പദ്ധതിയില്ലെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യയെ സമാധാന ചർച്ചയ്ക്കു പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചാണ് ആക്രമണം. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകിട്ടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിതെന്നും യുക്രെയ്ൻ വൃത്തങ്ങൾ പറയുന്നു.
വിശാല രാജ്യമായ റഷ്യയിൽ യുക്രെയ്ൻ സേന കൂടുതൽ ആക്രമണങ്ങൾക്കു മുതിർന്നേക്കുമെന്നും സൂചനയുണ്ട്. മറ്റൊരു അതിർത്തി മേഖലയായ ബെൽഗരോദിലെ അഞ്ചു ഗ്രാമങ്ങളിൽനിന്ന് ആളുകളെ തിങ്കളാഴ്ച മുതൽ ഒഴിപ്പിച്ചു മാറ്റുമെന്ന് റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, യുക്രെയ്നുള്ളിൽ റഷ്യൻ സേനയും മുന്നേറ്റം തുടരുന്നുണ്ട്. തന്ത്രപ്രധാന നഗരമായ പോക്രോവിസ്കിനു സമീപത്തേക്ക് റഷ്യൻ സേന നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിലുള്ള പല പ്രദേശങ്ങളും റഷ്യൻ സേനയുടെ നിയന്ത്രണത്തിലായി. പോക്രോവിസ്കിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് യുക്രെയ്ൻ അധികൃതർ നേരത്തേ നിർദേശിച്ചിരുന്നു.
Source link