ബംഗളൂരു: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ. മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്. മൂന്ന് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. ‘1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അഭ്യർത്ഥനയിൽ കോംപീറ്റന്റ് അതോറിറ്റിയുടെ തീരുമാനത്തിന്റെ പകർപ്പ് ഗവർണറുടെ നിർദേശമനുസരിച്ച് ഇതോടൊപ്പം ചേർക്കുന്നു’- എന്നാണ് ഗവർണറുടെ സെക്രട്ടേറിയറ്റിൽ നിന്ന് പ്രവർത്തകർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെക്കുറിച്ച് വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ ബി എം പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടി എന്ന ആരോപണത്തിലാണ് ഗവർണറുടെ നടപടി. സാമൂഹിക പ്രവർത്തകരുടെ പരാതിയിൽ സിദ്ധരാമയ്യയുടെയും മകൻ എസ് യതീന്ദ്രയുടെയും എംയുഡിഎയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പേര് ഉൾപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന് മറുപടി നൽകണമെന്നും ചൂണ്ടിക്കാട്ടി ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.
Source link