യുഎസ് തെരഞ്ഞെടുപ്പില്‍ തേങ്ങയാണു താരം
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പെട്ടെന്നാണ് തേങ്ങ താരമായത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ ഒരു പഴയ പ്രയോഗത്തെ തേച്ചുമിനുക്കി സോഷ്യല്‍ മീഡിയ വൈറലാക്കി. തെങ്ങില്‍നിന്നു പൊടുന്നനെ പൊട്ടിവീണതുപോലെയാണ് യുവജനങ്ങള്‍ പെരുമാറുന്നത് എന്ന് കമല പറഞ്ഞ സംഭാഷണവും തുടര്‍ന്നുള്ള കിലുക്കാംപെട്ടിയില്നിന്നെന്നപോലുള്ള അവരുടെ ചിരിയുമാണ് ഇപ്പോള്‍ പുനര്നിര്മിച്ചിച്ച് ഹിറ്റായിരിക്കുന്നത്. ഹിസ്പാനിക് അമേരിക്കന്‍സിനു തൊഴില്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് 2023 മേയില്‍ നടന്ന സിമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു കമല ഹാരിസ്. സ്പെയിന്‍കാര്‍ ഉള്‍പ്പെടുന്ന ഹിസ്പാനിക് അമേരിക്കന്‍സ് അവിടത്തെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ 18 ശതമാനം വരും. ഹിസ്പാനിക് യുവാക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ, സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അമ്മ ശ്യാമള ഗോപാലന് പറഞ്ഞതിനെ അവര്‍ ഉദ്ധരിക്കുകയായിരുന്നു. തെങ്ങില്‍നിന്നു പൊട്ടിവീണവരെപ്പോലെയാണ് കുട്ടികള്‍ പെരുമാറുന്നത് എന്നായിരുന്നു അമ്മയുടെ പരാമര്‍ശം. നമ്മള് ജീവിക്കുന്ന സാഹചര്യവും സന്ദര്‍ഭവും മനസിലാക്കണമെന്നും കുട്ടികള്‍ പൊട്ടിവീണവരല്ലെന്നും ചുറ്റുമുള്ളവരെ പരിഗണിക്കണമെന്നുമാണ് ശ്യാമള ഉദ്ദേശിച്ചത്. കമല ഹാരിസിന്റെ സഹജീവികളോടുള്ള കരുതലിന്റെ ഏട് എന്ന മട്ടിലാണ് ഡെമോക്രാറ്റുകള്‍ പ്രസംഗത്തിലെ ഈ ഭാഗം പ്രചരിപ്പിക്കുന്നത്.
ചെന്നൈ സ്വദേശിയായ ശ്യാമള ഡല്‍ഹിയില്‍ പഠിച്ചശേഷമാണ് 19-ാം വയസില്‍ ഗവേഷണത്തിന് ബെര്‍ക്ക്ലി യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ ചേര്‍ന്നത്. ജമൈക്കയില്‍നിന്നു പഠിക്കാനെത്തിയ ഡൊണാള്‍ഡ് ജെ. ഹാരിസിനെ 1963ല്‍ വിവാഹം കഴിച്ചു. കമലയ്ക്ക് ഏഴു വയസുള്ളപ്പോള്‍ വിവാഹമോചനം നേടി. സ്തനാര്‍ബുദം ഗവേഷണവിഷയമാക്കിയ ശ്യാമള 70-ാം വയസില്‍ വന്‍കുടലിന് കാന്‍സര്‍ ബാധിച്ചാണ് അമേരിക്കയില്‍ മരിച്ചത്. തുടര്‍ന്ന് ചെന്നൈയില്‍ കൊണ്ടുപോയാണ് അവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. മികച്ച ശാസ്ത്രീയ സംഗീതജ്ഞയുമായിരുന്നു അവര്‍. അമ്മയുടെ സ്വാധീനമാണ് തന്നെയും സഹോദരി മായ ഹാരിസിനെയും കരുത്തുറ്റ വനിതകളാക്കിയതെന്ന് കമല പറയുന്നു. കമല ഹാരിസിന്റെ തേങ്ങാപ്രയോഗം അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശേഷമാണ് തരംഗമായത്. ഹവായ് സെനറ്റര്‍ ബ്രയാന്‍ ഷാറ്റ്സ് തെങ്ങില്‍ കയറി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് പിന്തുണ പ്രകടിപ്പിച്ചത്. ‘മാഡം വൈസ് പ്രസിഡന്റ്, സഹായിക്കാന്‍ തയാര്‍’എന്നായിരുന്നു അടിക്കുറിപ്പ്. ഡെമോക്രാറ്റിക് നേതാക്കള്‍ തെങ്ങ് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഇളംപച്ച നിറത്തിലുള്ള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഡെമോക്രാറ്റുകളായ യുവാക്കള്‍ പ്രചാരണം നടത്തുന്നത്. സഹജീവികളെ ചേര്‍ത്തുപിടിക്കുന്ന മനോഹരമായ പ്രചാരണായുധമായി തെങ്ങും തേങ്ങയും അമേരിക്കയില്‍ വിലസുകയാണിപ്പോള്‍!
Source link