ബാങ്കിൽ നിന്നപ്പോൾ അച്ഛനറിഞ്ഞു, മകന്റെ നേട്ടത്തെക്കുറിച്ച്; ‘മതി എനിക്ക് തൃപ്തിയായി’
ബാങ്കിൽ നിന്നപ്പോൾ അച്ഛനിറഞ്ഞു, മകന്റെ നേട്ടത്തെക്കുറിച്ച്; ‘മതി എനിക്ക് തൃപ്തിയായി’ | Sangeeth Prathap State Award
ബാങ്കിൽ നിന്നപ്പോൾ അച്ഛനറിഞ്ഞു, മകന്റെ നേട്ടത്തെക്കുറിച്ച്; ‘മതി എനിക്ക് തൃപ്തിയായി’
മനോരമ ലേഖകൻ
Published: August 17 , 2024 10:32 AM IST
Updated: August 17, 2024 10:54 AM IST
1 minute Read
സംഗീത് പ്രതാപ് കുടുംബത്തിനൊപ്പം
മികച്ച എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സംഗീത് പ്രതാപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. സംസ്ഥാന പുരസ്‌കാര വാർത്തയറിഞ്ഞ് സംഗീതിന്റെ അച്ഛൻ പ്രതാപ് കുമാർ ഓടിവന്നു പറഞ്ഞ വാക്കുകളാണ് സംഗീത് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ ഒന്നാണിതെന്നാണ് അച്ഛൻ പറഞ്ഞതെന്ന് സംഗീത കുറിച്ചു. ആദ്യത്തെ നിമിഷം ഛായാഗ്രാഹകനായ ജയനൻ വിൻസന്റ് തന്റെ ആദ്യചിത്രത്തിൽ അസിസ്റ്റ് ചെയ്യാൻ എത്തണമെന്ന് പറഞ്ഞ് അയച്ച ടെലിഗ്രാമായിരുന്നു എന്നും അച്ഛൻ പറഞ്ഞതായി സംഗീത് കുറിച്ചു. നടന്മാരായ സൂര്യ, നാനി, വിൽ സ്മിത്ത് തുടങ്ങിയവരുടെ ചില സിനിമകളിലെ വിജയമുഹൂർത്തങ്ങൾ കോർത്തിണക്കിയ വിഡിയോയോടൊപ്പമാണ് സംഗീത് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്.
‘‘ഇന്നലെ എന്റെ അച്ഛൻ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് നിമിഷങ്ങൾ എന്നോട് പങ്കുവച്ചു. ആദ്യത്തേത് 1982 ഓഗസ്റ്റ് 10-ന് അച്ഛന്റെ ഗുരുവായ ജയനൻ വിൻസെന്റിൽ നിന്ന് തന്റെ ആദ്യ ചിത്രമായ അടിയൊഴുക്കുകളുടെ ഭാഗമാകാൻ ലഭിച്ച ടെലിഗ്രാമിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത് ഇന്ന് ഓഗസ്റ്റ് 16ന് അച്ഛൻ ബാങ്കിൽ നിൽക്കുമ്പോൾ ടിവിയിൽ ‘‘സംഗീത് പ്രതാപ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടി’’ എന്ന വാർത്ത കേട്ടതും. അതുകഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് ‘‘മതി, എനിക്കിപ്പോ തൃപ്തിയായി’’. ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല. സമരത്തിന്റെ എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളിൽ നിന്ന് സന്തോഷത്തിന്റെ ഒരു ഉറക്കമില്ലാത്ത രാത്രിയിലേക്ക്. എന്റെ നിലവിലെ മാനസികാവസ്ഥ ഈ വീഡിയോയിലുണ്ട്.’’–സംഗീത് പ്രതാപ് കുറിച്ചു.
പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവീസ് ആയി എത്തിയ താരമാണ് സംഗീത് പ്രതാപ്. നടനാകും മുൻപേ എഡിറ്ററായി സിനിമയിൽ എത്തിയ സംഗീതിന് പുരസ്കാരം ലഭിച്ചത് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ്. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയിൽ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനാണു പുരസ്‌കാരം. അഭിനയത്തോടൊപ്പം എഡിറ്റിങ് രംഗത്തും സജീവമായ സംഗീത് 24 മുതൽ വീണ്ടും സിനിമ ലൊക്കേഷനുകളിലേക്കെത്തും. എഡിറ്റിങ് രംഗത്തുനിന്ന് ഇടവേളയെടുത്താണ് അഭിനയിക്കാൻ പോകുന്നത്. ഷൂട്ടിങ്ങിനിടെ പറ്റിയ വാഹനാപകടത്തോടെ ചെറായിയിലെ വീട്ടിൽ വിശ്രമത്തിലാണ് സംഗീത് ഇപ്പോൾ.
സംഗീതിന്റെ അച്ഛൻ പ്രതാപ് കുമാർ സിനിമയിൽ ക്യാമറാമാൻ ആയിരുന്നു. തൂവാനത്തുമ്പികൾ, ഇൻ ഹരിഹർ നഗർ തുടങ്ങിയവയിലും പണ്ടത്തെ ഐവി ശശി, ജോഷി സിനിമകളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. വിഖ്യാത ഛായാഗ്രാഹകൻ ജയനൻ വിൻസന്റിന്റെ അസോഷ്യേറ്റ് ആയിരുന്നു അച്ഛൻ.
English Summary:
Film Editor Sangeeth Prathap’s State Award Sparks Emotional Reaction From Father
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-sangeeth-prathap f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 33vn2b55bdr3412tlmnof4rdbv mo-award-keralastatefilmawards
Source link