അങ്കോള ( ഉത്തര കർണ്ണാടക): ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനെയും ലോറിയും കണ്ടെത്താൻ ഗംഗാവലി പുഴയിലെ തിരച്ചിൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ രാവിലെ വീണ്ടും ആരംഭിച്ചു. പുഴയിൽ ആഴത്തിൽ അടിഞ്ഞു കിടക്കുന്ന മൺകൂന നീക്കാനുള്ള ഡ്രെഡ്ജർ ഗോവയിൽ നിന്ന് തിങ്കളാഴ്ച ഷിരൂരിൽ എത്തിക്കും.
പുഴയിൽ ഈശ്വർ മൽപ്പെയും സംഘവും നാവികസേനയും നടത്തിയ തിരച്ചിലിൽ ലോറിയുടെ ലോഹഭാഗവും നാല് കഷണം കയറും കണ്ടെത്തി. ലോഹഭാഗം അർജുന്റെ ലോറിയുടേണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ ബുധനാഴ്ച കണ്ടെത്തിയ ലോഹഭാഗം അർജുന്റെ ലോറിയുടെ അല്ലെന്നാണ് ഭാരത് ബെൻസ് കമ്പനി അറിയിച്ചത്. അർജുന്റെ ലോറി നിർത്തിയിട്ടിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ മുന്നിൽ ഉണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഭാഗമായിരിക്കും അതെന്നാണ് അനുമാനം. ടാങ്കർ ലോറിയുടെ ഇന്ധനം നിറച്ച ബുള്ളറ്റ് മാത്രമാണ് ഒഴുകുന്ന നിലയിൽ അന്ന് കിട്ടിയത്. മനാഫ് അന്ന് തന്നെ അത് തന്റെ ലോറിയുടെ ഭാഗമല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം കയർ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 300 കഷണം മരങ്ങളാണ് ലോറിയിൽ കയറു കൊണ്ട് കെട്ടിയിരുന്നത്. അതിൽ പൊട്ടിയ കയറിന്റെ ഭാഗമാണ് കണ്ടെടുത്തത്. പുഴയിൽ കണ്ടെത്തിയ പൽചക്രങ്ങളും നാവികസേന പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നാവികസേനയും ഈശ്വർ മൽപ്പെയും അടിയിലുള്ള മണ്ണും കല്ലും മരങ്ങളും തിരച്ചിലിന് തടസ്സമാണെന്ന് അറിയിച്ചിരുന്നു. ലോറിയിലെ മരങ്ങളും ഒലിച്ചുവന്ന വന്മരങ്ങളും എല്ലാം മണ്ണിനൊപ്പം പുഴയുടെ അടിയിലുണ്ട്. ഇതെല്ലാം മാറ്റിയാലേ ലോറി പുറത്തെടുക്കാനാവൂ. ലോറി കണ്ടെടുക്കുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കർണ്ണാടക അറിയിച്ചിട്ടുണ്ട്.
Source link