വൈപ്പിൻ : കടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പെയർപെലാജിക് ട്രോളിംഗിനെതിരെ ഫിഷറീസ് അധികൃതർ കർശന നടപടികളുമായി രംഗത്ത്. പെലാജിക് ട്രോളിംഗിന് ഉപയോഗിക്കുന്ന ഇരട്ട വലകൾക്ക് നിരോധനമുണ്ട്. തദ്ദേശ ബോട്ടുകളേക്കാൾ കൂടുതൽ അന്യ സംസ്ഥാനക്കാരാണ് ഇവ ഉപയോഗിക്കുന്നത്.
മുൻ വർഷങ്ങളിൽ പെലാജിക് വലകൾ സ്വയം ഉപേക്ഷിച്ച് മാതൃക കാട്ടിയവരാണ് എറണാകുളം ജില്ലയിലെ മത്സത്തൊഴിലാളികൾ. എന്നാൽ അവരും ഇപ്പോൾ നിയമം ലംഘിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പെലാജിക് വല ഉപയോഗിക്കുന്നത് മിക്കപ്പോഴും രാത്രികാലത്താണ്. രാത്രികാല ട്രോളിംഗ് അവസാനിപ്പിക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പെയർപെലാജിക് ട്രോളിംഗ്
പെലാജിക് ഡബിൾനെറ്റ് വല ഉപയോഗിച്ച് രണ്ട് ബോട്ടുകാർ ചേർന്ന് മീൻ പിടിക്കുന്ന രീതിയാണിത്. ഇരുന്നൂറോളം മീറ്റർ നീളമുള്ള വല ഉപയോഗിച്ച് കടലിന്റെ ഉപരിതലത്തിലൂടെയുള്ള മീൻ പിടിത്തത്തിൽ മത്സ്യകുഞ്ഞുങ്ങളും മുട്ടകളും എല്ലാം വലയിൽ അകപ്പെടും. ഇത് മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകും.
മുമ്പ് ഇങ്ങിനെ പിടിക്കുന്ന ചെറുമത്സ്യങ്ങൾ വളത്തിനാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ വ്യവസായികാവശ്യങ്ങൾക്കും ഉപയോഗിച്ചു തുടങ്ങിയതോടെ സാമാന്യം വിലയും ലഭിക്കുന്നുണ്ട്. ഇതിനാലാണ് പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വന്നാലും പെയർ പെലാജിക് ഫിഷിംഗ് തുടരുന്നതെന്നാണ് തൊഴിലാളികൾ പറയുന്നു.
രണ്ടരലക്ഷം പിഴ
പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ യന്ത്രവൽകൃത ബോട്ട് പിടികൂടി രണ്ടരലക്ഷം രൂപ പിഴ ഈടാക്കി. സാറാപ്പുതിൻ എന്ന ബോട്ടാണ് പിടി കൂടിയത്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് കാളമുക്ക് ഹാർബറിൽ നിന്നാണ് ബോട്ട് പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് ലഭിച്ച തുകയും സർക്കാരിലേക്ക് അടച്ചു. വലകൾ പിടിച്ചെടുത്തു.
പെലാജിക് മത്സ്യബന്ധന രീതിയിൽ നിന്ന് പിന്തിരിയണം. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.
പി. അനീഷ്
ഫിഷറീസ് അസി.ഡയറക്ടർ
Source link