ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ വീണ്ടും നീക്കം, നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകി
തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ വീണ്ടും ഹർജി. നടി രഞ്ജിനിയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആഗസ്റ്റ് 17ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവഷ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്ന് നടി പറയുന്നു മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്ന് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ ഭാഗത്തുണ്ട്. .വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകാൻ എഡിറ്റഡ് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടെങ്കിലും റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49),81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് വ്യക്തമാക്കിയിരുന്നു. 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്‌ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സമർപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തൽ ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചു. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. പല സിനിമാ പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. വിവരാവാകാശ പ്രകാരവും നിയമസഭയിലും റിപ്പോർട്ടിന് വിലക്ക് ഏർപ്പെടുത്തി. വിവരാവാകശ കമ്മീഷന് പോലും റിപ്പോർട്ട് കൈമാറാൻ തയ്യാറാകാതെ വന്നതോടെ സിവിൽ കോടതിയുടെ അധികാരത്തോടെ റിപ്പോർട്ട് വിവരാവകാശ കമ്മിഷൻ പിടിച്ചെടുത്തു. വിവരങ്ങൾ പരിശോധിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ ഉത്തരവിട്ടത്.
Source link