മഴവില്ല് അഴകിൽ പുരസ്കാരവേദി നനവോർമ്മയായി കിഷോർ കുമാർ
ക്വീയർ മനുഷ്യരെ വികലമായി മാത്രം ചിത്രീകരിച്ചിരുന്ന ഭൂതകാലത്തിൽ നിന്ന് മലയാള സിനിമ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാകുമ്പോൾ സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡർ വ്യക്തികളും എൽ.ജി.ബി.ടി.ക്യു. + കമ്മ്യൂണിറ്റികൾ നടത്തുന്ന സ്വാഭിമാന-മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് അത് കൂടുതൽ ശക്തി പകരുമെന്നു തീർച്ച. രചന വിഭാഗത്തിൽ കിഷോർ കുമാറിനും ഫീച്ചർ സിനിമ വിഭാഗത്തിൽ ‘കാതൽ ദി കോറിനും’ ലഭിച്ച പുരസ്കാരങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. സിനിമയിലും സമൂഹത്തിലും പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവാർഡിനു കഴിയട്ടെ എന്ന് പ്രത്യാക്ഷിക്കാം.
നനവോർമ്മയായി കിഷോർ കുമാർ: മരണാനന്തര ബഹുമതിയായി പുരസ്കാരം
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയത് കിഷോർ കുമാറിന്റെ ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്തകത്തിനാണ്. മരണാനന്തര ബഹുമതിയായിട്ടാണ് ഈ അവാർഡ് എത്തുന്നത് എന്ന സങ്കടമുണ്ട്. ഡിസി ബുക്സി പ്രസിദ്ധികരിച്ച പുസ്തകത്തിലൂടെ ഗേ പുരുഷന്റെ കണ്ണിലൂടെ മലയാള സിനിമയെ നോക്കി കാണാനാണ് സിനിമ ശ്രമിക്കുന്നത്. ജെൻഡർ, സെക്ഷ്വാലിറ്റി എന്നിവയിൽ ഊന്നിക്കൊണ്ട് ക്വിയർ ഭാവുകത്വത്തോടെ ജനപ്രിയ സിനിമകളെ പഠനെ വിധേയമാക്കുകയാണ് കിഷോർ പുസ്തകത്തിലൂടെ.
‘നാഗവല്ലി എന്ന പ്രതികാരദേവി’, ‘ചാന്ത്പൊട്ട് പടർത്തുന്ന തെറ്റിദ്ധാരണകൾ’, ‘മുംബൈ പോലീസ്: നല്ല ഗേ സിനിമ, ചീത്ത ഗേ നായകൻ’, ‘മൂക്കാതെ പൊലിഞ്ഞ മൂത്തോന്റെ പ്രണയം, മേരിക്കുട്ടിമാരുടെ വില്ലനാകുന്ന കേരള പോലീസ്’, ‘ആമി എഡിറ്റ് ചെയ്യപ്പെട്ട ജാതിയും ലൈംഗികതയും’,
‘കാ ബോഡിസ്കേപ്സ്: ഉടലുകൾ മുദ്രവാക്യങ്ങളാകുമ്പോൾ’, ‘രണ്ട് സ്ത്രീകൾ ചുംബിക്കുമ്പോൾ’, ‘ട്രാൻസ് കേരളം’, ‘ഡിവ വർഷിപ്പ് എന്ന ദേവീപൂജ’, ‘ഋതു മുതൽ രതിപുഷ്പം വരെ’ തുടങ്ങിയ ലേഖനങ്ങളിലൂടെ മലയാള സിനിമയുടെ മഴവിൽ രാഷ്ട്രീയത്തെയും സൂക്ഷമമായും വിശദമായും പഠനവിധേയമാക്കുന്നുണ്ട് പുസ്തകം.
കേരളത്തിലെ എൽ.ജി.ബി.ടി.ക്യു.+ മുന്നേറ്റകളിൽ കാലത്തിനു മുന്നേ സഞ്ചരിച്ച വ്യക്തിയാണ് കിഷോർ കുമാർ. ക്വീയർ കേരളയുടെയും ഗേ മലയാളി അസോസിയേഷന്റെയും സ്ഥാപകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അനുകാലികങ്ങളിലും ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളിലും സിനിമ, സംഗീതം, ക്വീർ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
‘രണ്ടു പുരുഷൻമാർ ചുംബിക്കുമ്പോൾ മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ്.
കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളജിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക് ബിരുദവും കാൺപൂർ ഐഐടിയിൽ നിന്ന് എംടെക്സിൽ ബിരുദാനബിരുദവും നേടിയ കിഷോർ ബെംഗളൂരു, ഡൽഹി, ബോസ്റ്റൺ എന്നിവടങ്ങളിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ രാഗങ്ങളെക്കുറിച്ചു വിവരിക്കുന്ന രാഗകൈരളി എന്ന വെബസൈറ്റിന്റെ സ്ഥാപകനും മലയാളം മ്യൂസിക് ആൻഡ് മൂവീസ് ഡേറ്റബേസിന്റെ രാഗ വിഭാഗത്തിനു നേതൃത്വവും നൽകിയിരുന്നു. ഈ വർഷം ഏപ്രിലിലാണ് കോഴിക്കോട്ട് ഫ്ലാറ്റിൽ കിഷോർ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാതലുള്ള സിനിമ: മമ്മൂട്ടിക്കും ജിയോ ബേബിക്കും അഭിമാന നിമിഷം
ജെൻഡറിനെയും സെക്ഷ്വാലിറ്റിയേയും സെക്ഷൽ ഓറിയേന്റഷനെയും പ്രശ്നവത്ക്കരിച്ച
ജിയോ ബേബിയുടെ ‘കാതൽ ദി കോർ’ സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ നേടിയത് നാല് അവാർഡുകൾ. മികച്ച സിനിമ, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, മികച്ച നടനുളള പ്രത്യേക ജ്യൂറി പുരസ്കാരം എന്നീ ശ്രദ്ധേയമായ പുരസ്കാരങ്ങളാണ് നേടിയത്. കാതലിന്റെ പുരസ്കാര നേട്ടം കേരളത്തിലെ ക്വീയർ മ്യൂവ്മെന്റുകൾക്ക് ശക്തി പകരും. അഭിനേതാവ് എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഈ സിനിമയുടെ ഭാഗമായ മമ്മൂട്ടിയും പുരസ്കാരവേളയിൽ അഭിനന്ദനം അർഹിക്കുന്നു.
മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായ ആദർശ് സുകുമാരൻ നേടി. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് മാത്യുസ് പുളിക്കനാണ്. സ്വവർഗാനുരാഗിയായ തങ്കൻ എന്ന ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരന്റെ കഥാപാത്രത്തെ അന്വശരമാക്കിയ സുധീ കോഴിക്കോട് മികച്ച നടനുള്ള പ്രത്യേക ജ്യൂറി പുരസ്കാരം പങ്കിട്ടു.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ലൂടെ ശ്രദ്ധേയനായ ജിയോ ബേബി’ കാതൽ ദി കോറിലും’ വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്. സെക്ഷ്വാലിറ്റിക്കൊപ്പം മതം, കുടുംബം, വിവാഹം തുടങ്ങിയ സ്ഥാപനകളെയും ക്ലാസ് പ്രീവിലേജുകളെയും ജിയോ കാതലിൽ പ്രശ്നവത്ക്കരിക്കുന്നുണ്ട്. മമ്മൂട്ടിയെന്ന പാൻ ഇന്ത്യൻ അഭിനേതാവിനെ ഗേയായി കാസ്റ്റ് ചെയ്ത് കയ്യടക്കത്തോടെ കഥ പറഞ്ഞതിലൂടെ സമൂഹത്തിന്റെ ക്വിയർ മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റിധാരണകളിൽ ചെറുതെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സംവാദങ്ങൾക്കു തുടക്കമിടാനും ജിയോയ്ക്കു കാതലിലൂടെ കഴിഞ്ഞിട്ടുണ്ട്. പുരസ്കാരം നേട്ടം സിനിമയുടെ സാമൂഹിക പ്രസക്തി വർദ്ധിപ്പിക്കുമെന്നു തീർച്ച. കേവലം കോമഡി സൃഷ്ടിക്കാനുള്ള ഒബ്ജക്റ്റ് മാത്രമായി ക്വീയർ മനുഷ്യരെ ഉപയോഗിച്ചിരുന്ന ഭൂതകാലത്തിൽ നിന്ന് മാറി നടക്കുന്ന രചനകളും സിനിമകളും വലിയ മാറ്റങ്ങളിലേക്കുള്ള ആദ്യ ചവിട്ടി പടികളാണെന്നു പ്രതീക്ഷിക്കാം.
Source link