CINEMA

'കുളിച്ചപ്പോൾ തോന്നിയ കഥ, സിനിമ തുടങ്ങിയപ്പോൾ ആ സൗഹൃദം ഉപേക്ഷിച്ചു'; ആട്ടത്തിന്റെ വിജയകഥ പറഞ്ഞ് ആനന്ദ് ഏകർഷി

ആട്ടം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. മികച്ച ചിത്രമടക്കം മൂന്നു പുരസ്‌കാരങ്ങളാണ് ആട്ടത്തിനു ലഭിച്ചത്. ഒരു പുതുമുഖമായ തന്നെ വിശ്വസിച്ച് ഈ സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്ന നിർമാതാവ് ഡോ.അജിത് ജോയിയോട് നന്ദിയും കടപ്പാടുമുണ്ടെന്ന് ആനന്ദ് ഏകർഷി പറയുന്നു. വർഷങ്ങളായി കൂടെയുള്ള സുഹൃത്തുക്കളാണ് ആട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടക കലാകാരന്മാരായ ഇവരെ വച്ച് ഒരു സിനിമ ചെയ്തുകൂടെ എന്ന ആശയവുമായി നടൻ വിനയ് ഫോർട്ട് ആണ് തന്നെ സമീപിച്ചത് എന്ന് ആനന്ദ് പറയുന്നു. ചിത്രത്തിൽ അഭിനയിച്ച പതിമൂന്ന് കലാകാരന്മാരുടെയും മറ്റ് അണിയറപ്രവർത്തകരുടെയും നിർമാതാവ് ഡോ. അജിത് ജോയിയുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പുരസ്‌കാരമെന്ന് ആനന്ദ് ഏകർഷി പറഞ്ഞു.   

ആനന്ദിന്റെ വാക്കുകൾ: “ദേശീയ പുരസ്കാരനേട്ടം സ്വപ്നങ്ങൾക്കും മുകളിലാണ്. സ്വപ്നത്തിന് ഒരു പരിധിയുണ്ടല്ലോ അതിന് അതീതമായ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇതിന്റെ എഡിറ്റ് ഞാൻ വളരെ ആഗ്രഹിച്ചതാണ്. ഇത് വളരെ അർഹതയ്ക്കുള്ള അംഗീകാരം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഏറ്റവും വലിയ നന്ദി പറയാനുള്ളത് ഈ ചിത്രത്തിന് നിർമാതാവിനോടാണ്. എപ്പോഴും അംഗീകരിക്കാതെ പോകുന്നത് ഒരു സിനിമയുടെ നിർമാതാവാണ്. ഡോ.അജിത് ജോയ് ആണ് ഈ സിനിമയുടെ പ്രൊഡ്യൂസർ. ഇങ്ങനെ ഒരു സിനിമ നിർമിക്കാൻ കാണിച്ച അദ്ദേഹത്തിന്റെ മനസ്സിന് നന്ദി.” 

“ഈ സിനിമയിൽ അഭിനയിച്ച താരങ്ങളെല്ലാം 10–20 വർഷത്തെ അടുപ്പമുള്ള സുഹൃത്തുക്കളാണ്. നടി സെറിൻ ഷിഹാബും കലാഭവൻ ഷാജോൺ ചേട്ടനും ഒഴിച്ച് ഉള്ള ബാക്കി എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. സെറിന്റെ പ്രകടനം വിസ്മയകരമാണ്. സെറിൻ എന്ന താരമാണ് ഈ സിനിമയുടെ കാതൽ. സെറിനെ കിട്ടിയപ്പോഴാണ് ഞങ്ങൾ ഈ സിനിമ തുടങ്ങുന്നത് തന്നെ.” 

“ഈ സിനിമ ഉണ്ടാകാനുള്ള കാരണം വിനയ് ഫോർട്ട് ആണ്. വിനയ് ഫോർട്ടിന്റെ ആശയമാണ് ഇത്. വിനയ് ആണ് എന്നോട് പറഞ്ഞത്, നമ്മുടെ സുഹൃത്തുക്കളെ എല്ലാം വച്ച് നിനക്ക് ഒരു സിനിമ ചെയ്യാൻ പറ്റുമോ, അവരെയെല്ലാം സിനിമയിലേക്ക് കൊണ്ടുവരാൻ നിനക്ക് പറ്റുമോ എന്ന് ചോദിച്ച ആ ചോദ്യത്തിൽ നിന്നാണ് ഈ എഴുത്ത് തുടങ്ങുന്നതും സിനിമ ഉണ്ടാകുന്നതും. ഈ സിനിമയ്ക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് എല്ലാം ഞാൻ നന്ദി പറയുന്നത് വിനയ് ഫോർട്ടിനോടും നിർമാതാവ് അജിത് ജോയിയോടുമാണ്.”

“ഇതൊരു സൗഹൃദത്തിന്റെ വിജയം ആണ്. ലോകധർമി എന്ന നാടക സംഘത്തിൽ 20–25 വർഷമായി ഉള്ള നാടകനടന്മാരായിരുന്നു ഞങ്ങൾ എല്ലാവരും. ആ ഒരു സൗഹൃദത്തിന്റെ സെലിബ്രേഷൻ വിജയം കൂടി ആയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ ഒരു ഫീലിംഗ് വളരെ മനോഹരമാണ്. മൾട്ടിപ്ലക്സുകളിൽ 30 ദിവസം ഓടിയെങ്കിലും നമ്മൾ ആഗ്രഹിച്ചത് പോലെ എല്ലാവരിലേക്കും ഈ സിനിമ എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആമസോൺ പ്രൈമിൽ വന്നപ്പോഴേക്കും കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഇന്ത്യയിലെ മുഴുവൻ ആളുകളും ഈ സിനിമ കാണുകയും ഒരുപാട് അംഗീകരിക്കുകയും ചെയ്തു. ഇതൊരു യൂണിവേഴ്സൽ സബ്ജക്ടാണ്. ഒരു വലിയ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തുന്നു എന്ന് പറയുന്നതിലപ്പുറം ഒരു സന്തോഷം ഒരു സംവിധായകന് കിട്ടാനില്ല.” 

പോസ്റ്റർ

“വിനയ് ഫോർട്ട് ഇങ്ങനെ ഒരു ആശയം പറയുമ്പോൾ 11 സുഹൃത്തുക്കളെ ഞാൻ കാസ്റ്റ് ചെയ്തിട്ടാണ് സിനിമ തുടങ്ങുന്നത്. ആദ്യമേ തന്നെ കാസ്റ്റിങ് നടന്നിരുന്നു. സാധാരണ ഒരു സിനിമയുടെ കഥ എഴുതിയിട്ടാണ് കാസ്റ്റിങ് നടക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ സിനിമ ഈ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതിയതാണ്. അങ്ങനെയാണ് ഒരു കൂട്ടത്തിന്റെ സ്വഭാവമെന്ത്, ഒരു വ്യക്തിയുടെ സ്വഭാവമെന്ത് എന്ന നിലയിൽ കഥ വന്നത്. കൂട്ടമായി പതിനൊന്ന് ആണുങ്ങളും വ്യക്തിയായി ഒരു പെൺകുട്ടിയും ലൈംഗിക അതിക്രമം എന്ന ഒരു കുറ്റകൃത്യവുമാണ് ഉള്ളത്. ആ കുറ്റകൃത്യത്തിന്റെ പല മാനങ്ങൾ എങ്ങനെ സംസാരിക്കാം എന്നതിൽ നിന്നാണ് ഈ സിനിമയുടെ ആലോചന തുടങ്ങിയത്. എൻഗേജിങ് ആയ സസ്പെൻസ് ഡ്രാമ ആയിരിക്കണം എന്നുണ്ടായിരുന്നു. ഈ കഥയുമായി നിർമാതാവിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം കഥ കേട്ട് പത്താമത്തെ മിനിറ്റിൽ സിനിമ ചെയ്യാം എന്ന് പറയുകയാണ്. സിങ്ക് സൗണ്ടിൽ ആണ് സിനിമ ഷൂട്ട് ചെയ്തത്. മൾട്ടി ക്യാം ഷൂട്ട് ആയിരുന്നു. സിനിമയ്ക്ക് വേണ്ടതെല്ലാം അദ്ദേഹം തന്നു. അദ്ദേഹം ഞങ്ങളെ വിശ്വസിച്ചതിന്റെ റിസൾട്ട് ആണ് ഈ സിനിമ.”

ആട്ടം സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടി

“വളരെ ഗൗരവമായ കാര്യമാണ് സിനിമയിലുള്ളത്. പക്ഷേ, ഒരു സിനിമ എടുക്കുമ്പോൾ സിനിമ ആളുകളെ ഉപദേശിക്കുന്ന തരത്തിലാകരുത് എന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു. സിനിമ സിനിമയായി നിന്നുകൊണ്ട് തന്നെ ആ മീഡിയം ഉപയോഗിച്ച് ആളുകൾക്ക് മനസ്സിലാകുന്ന തരത്തിൽ ഈ വിഷയം സംസാരിക്കാം എന്ന ആലോചനയിൽ നിന്നാണ് ഈ സിനിമ ഉണ്ടായത്. സിനിമ ആദ്യം മുതൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സസ്പെൻസ് ത്രില്ലർ ആയി കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ‘ആരാണ് കുറ്റം ചെയ്തത്’ എന്ന ചോദ്യമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പിന്നെ അതിൽ നിന്ന് മറ്റു ലയറുകളിലേക്ക് പോയി. അതുകൊണ്ടു ഒരു ആർട്ട് ഹൌസ് ഡിസൈൻ അല്ല. പ്രേക്ഷകർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് സിനിമ ചെയ്തത്. വാണിജ്യ സിനിമ ആണെന്ന് കരുതി മസാല ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചു. കാരണം സബ്ജക്റ്റ് അത്രയും സീരിയസ് ആയിരുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോഴാണ് നല്ലൊരു സൃഷ്ടി ഉണ്ടാകുന്നത്. അത് എന്റെ മഹാഭാഗ്യം എന്നതാണ് അതിന്റെ സത്യം.”
“ഈ സിനിമയിലെ കഥാപാത്രങ്ങൾ നാടക നടന്മാരാണ്. സിനിമയിലെ കഥ കൂടാതെ ഒരു നാടകവും ഇതിൽ നടക്കുന്നുണ്ട്. അതുകൊണ്ട്, റിഹേഴ്സൽ നടത്തിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. അതിനോടെല്ലാം നിർമാതാവ് പൂർണമായി സഹകരിച്ചു.” 

“ഞാൻ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കഥ എന്റെ മനസ്സിൽ വരുന്നത്. ഒരു കൂട്ടം എങ്ങനെയാണ് ഒരു കാര്യത്തെ സമീപിക്കുന്നത്. ഒരു വ്യക്തി കൂട്ടത്തോട് ചേരുമ്പോൾ എങ്ങനെയാണ് പെരുമാറുന്നത്? അയാൾ ഒരു വ്യക്തിയായി നിൽക്കുമ്പോൾ എങ്ങനെ പെരുമാറും? ഈ സൈക്കോളജി പറയുകയായിരുന്നു എന്റെ ലക്‌ഷ്യം. സിനിമ ചെയ്യുന്ന നിമിഷം മുതൽ ഞാൻ ഇവരുമായുള്ള സൗഹൃദം നിർത്തി.  കാരണം ഞാൻ സൗഹൃദമായി പോയാൽ സീരിയസ് ആയി ചെയ്യാൻ പറ്റില്ല. 35 ദിവസം ഞങ്ങൾ റിഹേഴ്സൽ ചെയ്തു. പതിമൂന്നു പേരും ആദ്യ സീൻ മുതൽ അവസാനം വരെ ഉണ്ട്. അതുകൊണ്ടു അവരുടെ പെർഫോമൻസ് നന്നായി കൊണ്ടുവരാൻ സ്ട്രിക്റ്റ് ആയി റിഹേഴ്സൽ വേണ്ടിവന്നു. സിനിമ വളരെ സീരിയസ് ആയ സബ്ജക്ട് ആണ് പറഞ്ഞത്. അതുകൊണ്ടു ഷൂട്ടിന്റെ സമയത്ത് തമാശ പറഞ്ഞ് സൗഹൃദം ആയി നടന്നാൽ പറ്റില്ല. അന്ന് അങ്ങനെ ചെയ്തതുകൊണ്ട് ഇന്ന് ഞങ്ങൾക്ക് ആഘോഷിക്കാൻ കഴിയുന്നു. ഒരുപാട് പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന് കിട്ടി. ഏറ്റവും വലിയ പുരസ്‌കാരമാണ് ഇപ്പോൾ കിട്ടിയത്,” ആനന്ദ് ഏകർഷി പറയുന്നു.

English Summary:
Aattam film director Anand Ekarshi shares eventful journey of his team and also the happiness after winning National Awards.


Source link

Related Articles

Back to top button