കണ്ണൂർ: പാർട്ടിയാണ് തന്നെ രോഗിയാക്കിയതെന്ന് മുൻ എം.എൽ.എയും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.പി. പത്മനാഭൻ തുറന്നടിച്ചു. തിരസ്കാരത്തിന്റെ നാളുകളിലെ ജീവിതം ഒരു പ്രാദേശിക ചാനലിലാണ് തുറന്നുപറഞ്ഞ്. സത്യം ജനങ്ങൾ അറിയണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് തനിക്കെതിരായ പാർട്ടി നടപടികളുടെ ഉൾക്കഥ സി.കെ.പി പറഞ്ഞത്.
താഴേത്തട്ടിലല്ല, മുകൾത്തട്ടിലാണ് തിരുത്തൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയായി താൻ മാറുകയായിരുന്നു. കർഷക സംഘത്തിന്റെ ഫണ്ട് തിരിമറി നടത്തിയിട്ടില്ല. ഓഫിസ് സെക്രട്ടറിയായിരുന്നയാൾ നാലു ലക്ഷം രൂപ തട്ടിയെടുത്തുവെന്നത് വാസ്തവമാണ്. അന്ന് ഇ.പി.ജയരാജനാണ് പാർട്ടി ഫണ്ടായ 20 ലക്ഷം രേഖാമൂലം ബാങ്കിൽനിന്നു പിൻവലിച്ചത്. ഇക്കാര്യം രേഖാമൂലം തെളിവുകൾ നൽകിയിട്ടുണ്ട്. അണികളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് 12 വർഷങ്ങൾക്കു ശേഷം ഇപ്പോൾ കാര്യങ്ങൾ തുറന്നുപറയുന്നത്.
ചെയ്യാത്ത കുറ്റത്തിന് അച്ചടക്കനടപടി നേരിട്ടതിന്റെ സംഘർഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. ഡയാലിസിസ് രോഗിയാണ്. പ്രസ്ഥാനത്തിന്റെ തെറ്റുകൾ പാർട്ടിയാണ് തിരുത്തേണ്ടത്. പക്ഷേ, ആ ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
പാർട്ടി സഖാക്കളെ നോക്കി ചിരിച്ചുകൊണ്ടു പോളിംഗ് ബൂത്തിൽ പോയവർ പാർട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ തോൽവി നേരിടാൻ കാരണമായത്. സത്യം എപ്പോഴും പിറകിലെ ഇരിക്കുകയുള്ളു. അതു മുൻപിൽ വരാൻ സമയമെടുക്കും. അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്ക് എതിരെ പരാതി നൽകിയെന്ന കാര്യം വസ്തുതാപരമാണ്. എന്നാൽ അതിന്റെ ശരിതെറ്റുകൾ താൻ ഇപ്പോൾ പറയുന്നില്ലെന്നും സി.കെ.പി കൂട്ടിച്ചേർത്തു.
Source link