KERALAMLATEST NEWS

വയനാട് ദുരന്തം; സഹാറ ഗ്രൂപ്പിനോട് സൂപ്രീം കോടതി രണ്ട് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് പറഞ്ഞത് വെറുതെയല്ല

ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി സഹാറ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സഹാറ ഗ്രൂപ്പിന് കീഴിൽ വരുന്ന പത്ത് കമ്പനികൾ പത്ത് ലക്ഷം രൂപ വീതവും ഇരുപത് ഡയറക്ടർമാർ അഞ്ച് ലക്ഷം രൂപ വീതവും നൽകണമെന്നാണ് കോടതിയുടെ നിർദേശം.

ജസ്റ്റിസ് ഹിമ കോഹ്ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. സഹാറയുടെ ഫ്ലാറ്റുകൾ വാങ്ങിയ ഉപഭോക്താക്കൾക്ക് അത് സജ്ജമാക്കി നൽകണമെന്ന് 2023 ഒക്ടോബറിൽ കോടതി നിർദേശിച്ചിരുന്നു. ആറ് തവണ കോടതി നിർദേശം നൽകി. എന്നിട്ടും അത് പാലിക്കാത്തതിനാലാണ് രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ നിർദേശിച്ചത്.

മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവെ, അഭിഭാഷകരായ സിമ്രൻജീത് സിംഗ്, ഗൗതം താലൂക്ദാർ, നേഹ ഗുപ്ത, കരൺ ജെയിൻ, ഋഷഭ് പന്ത്, യജത് ഗുലിയ എന്നിവരാണ് സഹാറയ്ക്ക് വേണ്ടി ഹാജരായത്. അഭിഭാഷകരായ സിദ്ധാർത്ഥ് ബത്ര, അർച്ചന യാദവ്, ചിന്മയ് ദുബെ, ശിവാനി ചൗള, റിഥംകത്യാലും പ്രത്യുഷ് അറോറയുമാണ് ഉപയോക്താക്കൾക്ക് വേണ്ടി കോടതിയിലെത്തിയത്.

ജൂലായ് 30നായിരുന്നു വയനാട് ഉരുൾപൊട്ടലുണ്ടായത്. നാനൂറിലധികം പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. നൂറുകണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.


Source link

Related Articles

Back to top button