പ്രതിമാസ വാടകയായി ആറായിരം രൂപ, മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം; ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് പ്രതിമാസ വാടകയായി ആറായിരം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും തുക ലഭിക്കും. സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന വീടുകൾക്ക് വാടക നൽകില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നൽകും. എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവുമാണ് നൽകുക. ഭാര്യ അല്ലെങ്കിൽ ഭർത്താവ് അല്ലെങ്കിൽ മക്കൾ എന്നിവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. സഹോരങ്ങൾ (ആശ്രിതരാണെങ്കിൽ) ധനസഹായം ലഭിക്കും.
കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പൊലീസ് നടപടി പൂർത്തിയാക്കി, പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതനുസരിച്ചാണ് സഹായം നൽകുക. എഴുപത് ശതമാനം അംഗവൈകല്യം സംഭവിച്ചവർക്ക് എഴുപത്തി അയ്യായിരം രൂപ ധനസഹായം നൽകും.
നാൽപ്പത് മുതൽ അറുപത് ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് അൻപതിനായിരം രൂപയും നൽകും. നഷ്ടപ്പെട്ടുപോയ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീര ഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി.
Source link