KERALAMLATEST NEWS

ഉപഗ്രഹങ്ങൾ കള്ളം പറയില്ലല്ലോ, ദുരന്തത്തിന് പ്രധാനകാരണം ചിത്രങ്ങളിൽ തെളിഞ്ഞു

വർഷവും വേനലും ഇടവിട്ട കാലാവസ്ഥയുള്ള കേരളത്തിൽ ഇക്കുറി വേനൽ അതികഠിനമായിരുന്നു. വേനൽ കടുത്താൽ പിന്നാലെയെത്തുന്ന മഴയും കനക്കുമെന്നത് ഉറപ്പാണ്. പ്രവചനം തെറ്റിയില്ല, മൺസൂൺ തകർത്തുവാരി. കേരളത്തിലിപ്പോൾ മഴ കടുത്താൽ പ്രളയമോ ഉരുൾപൊട്ടലോ ഉറപ്പാണെങ്കിലും ഇത്തവണ കണക്കുകൾ തെറ്റിച്ചു കൊണ്ടാണ് വയനാട്ടിൽ ദുരന്തമുണ്ടായത്. ചൂരൽമലയിലും, മുണ്ടക്കൈയിലും കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഈ വലിയ ഉരുൾപൊട്ടലുണ്ടായതിന്റെ കാര്യകാരണങ്ങൾ ശാസ്ത്രസമൂഹം വിശകലനം ചെയ്തുവരുന്നതിനിടെയാണ് മഴയെ പഴിക്കുന്ന ചില കണ്ടെത്തലുകൾ പുറത്തുവരുന്നത്. ദുരന്തത്തിന് കാരണം കനത്ത മഴയെന്ന ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജി.എസ്.ഐ)യുടെ കണ്ടെത്തലാണിപ്പോൾ ചർച്ചയും വിവാദവുമായിരിക്കുന്നത്. പ്രാദേശികഘടകങ്ങൾ ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നുമാണ് ജി.എസ്.ഐ യുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ജൂലായ് 29, 30 തീയതികളിൽ പെയ്തകനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ 372.6 മില്ലിമീറ്ററും തൊട്ടടുത്തുള്ള തെറ്റമലയിൽ 409 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. അതീവ ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലയായ ഇവിടെ 2018 മുതൽ ചെറുതും വലുതുമായ ഉരുൾ പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വയനാട്ടിലെ ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങൾ നടത്താതെ മഴയെ മാത്രം പഴിക്കുന്നതിലാണ് പരിസ്ഥിതിവാദികളും ശാസ്ത്രസമൂഹവും അത്ഭുതം കൂറുന്നത്.

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന്റെയും പരിസരപ്രദേശത്തിന്റെയും സ്ഥിതി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നതിൽ നിന്ന് തന്നെ ‘ക്ഷണിച്ചു വരുത്തിയ’ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുന്നുണ്ട്. ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് സമീപത്തായി നിരവധി ക്വാറികൾ ഉള്ളതായാണ് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാകുന്നത്. പ്രദേശത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ 20 ഓളം ഖനന മേഖലകളും കൂറ്റൻ ജലസംഭരണികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എഴുത്തുകാരനും സ്വതന്ത്രഗവേഷകനുമായ ഡോ. രാജഗോപാൽ കമ്മത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഉപഗ്രഹ ചിത്രങ്ങൾ ഇതാദ്യമായി പുറത്തുവിട്ടത്. പരിസ്ഥിതിലോല മേഖലയായ വയനാട്ടിൽ ക്വാറികളും ക്രഷറുകളും റിസോർട്ടുകളും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി ഭീകരമാക്കിയതെന്ന് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ തന്നെ വ്യക്തമാക്കുന്നതായി ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിനു ചുറ്റിലും മലഞ്ചരിവുകളിൽ പ്രവർത്തിക്കുന്ന മിക്ക റിസോർട്ടുകളോടും അനുബന്ധിച്ച് ദീർഘചതുരാകൃതിയിൽ നിർമ്മിച്ച കൂറ്റൻ ജലസംഭരണികൾ കാണാനാകും. ഈ ജലസംഭരണികളിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ശേഖരിച്ചിട്ടുള്ളത്. മുണ്ടക്കൈയിൽ പ്രമുഖ പ്ളാന്റേഷൻ കമ്പനി വക എസ്റ്റേറ്റിന്റെ പേര് നേരത്തെ ഗൂഗിൾ മാപ്പിൽ ഉണ്ടായിരുന്നെങ്കിലും ദുരന്ത ശേഷം മാപ്പിൽ നിന്ന് പേര് തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. വമ്പന്മാരായവർ ഗൂഗിളിനെപ്പോലും സ്വാധീനിച്ചാകാം പേര് നീക്കിയതെന്നാണ് അനുമാനം. പ്രദേശത്തെ വനം നശിപ്പിച്ചും ബഹുനിലമന്ദിരങ്ങൾ കെട്ടിയുയർത്തിയതും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. കൂറ്റൻ ബഹുനില മന്ദിരങ്ങൾ നിർമ്മിച്ചിട്ടുള്ളത് ഭൂമി ആഴത്തിൽ കുഴിച്ച് കോൺക്രീറ്റ് പൈലിംഗ് നടത്തിയാണെന്നതും പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. പാറക്വാറികളും ക്രഷർ യൂണിറ്റുകളും റിസോർട്ടുകളുമൊക്കെ നിയന്ത്രിക്കുന്നവരിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരും മാഫിയകളും ഉണ്ടെന്നത് വ്യക്തമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മുഖ്യകാരണങ്ങൾ പുറത്തുവരാതിരിക്കേണ്ടത് ഇക്കൂട്ടരുടെയും ആവശ്യമാണ്. അതിനാണ് മഴയെ പഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്ന ആരോപണമാണുയരുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവയൊക്കെയാണ് ഇക്കൂട്ടർ ഇപ്പോൾ കാരണങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈ, ചൂരമല പ്രദേശത്ത് ഉരുൾപൊട്ടാൻ സാദ്ധ്യതയുണ്ടെന്ന് വയനാട്ടിലെ ചില പരിസ്ഥിതി സംഘടനകൾ നടത്തിയ പഠനശേഷം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാൻ പോലും ആരും തയ്യാറായില്ലെന്നതാണ് വസ്തുത.

മഴയുടെ രൂപവും ഭാവവും മാറി

കേരളത്തിൽ കഴിഞ്ഞകുറെക്കാലമായി അതികഠിനമായ വേനൽ പോലെ അതിതീവ്ര മഴയും സാധാരണമായി. കാലവർഷത്തിൽ പെട്ടെന്ന് പെയ്ത് തോരുന്ന മഴയായിരുന്നെങ്കിൽ ഇപ്പോൾ മണിക്കൂറുകളോളം നീളുന്നതാണ് മഴയുടെ രീതി. രൂക്ഷമായ അന്തരീക്ഷ മലിനീകരണവും തീവ്രമഴയ്ക്ക് പ്രധാനകാരണമാണെന്ന് വിദഗ്ധർ പറയുന്നു. മാലിന്യ തോത് ഉയർന്നതുമൂലമുണ്ടാകുന്ന ‘മാലിന്യ മേഘങ്ങൾ’ (Dirty clouds) ഘനീഭവിക്കുമ്പോൾ തുള്ളിക്കൊരു കുടം കണക്കെ വലിയ മഴത്തുള്ളികളായി പെയ്തിറങ്ങും. ഈ മഴ ദിവസങ്ങളോളം പെയ്യുമ്പോൾ ദു‌‌‌ർബ്ബലമായ ഭൂമേഖലകളിൽ ഇതിന്റെ ആഘാതം ഉണ്ടാകുമെങ്കിലും ഉരുൾപൊട്ടണമെന്നില്ല. എന്നാൽ ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശത്തിന്റെ 8 കിലോമീറ്റർ ചുറ്റളവിൽ ക്വാറികളോ ഖനനമോ ഉണ്ടെങ്കിൽ മണ്ണിനടിയിലും പ്രകമ്പനങ്ങളുണ്ടാകും. ഭാരമുള്ള കൂറ്റൻ ട്രെയിലറുകൾ റോഡിലൂടെ പോകുമ്പോൾ പോലും ഭൂമിക്ക് പ്രകമ്പനം ഉണ്ടാകാറുണ്ട്. പരിസ്ഥിതിലോല പ്രദേശത്തെ ഭൂമിയ്ക്കടിയിൽ ഗ‌ർത്തങ്ങളുണ്ടാകും. പാറയും മണ്ണും തമ്മിലുള്ള ദൃഢത നഷ്ടപ്പെടും. ശക്തമായ മഴയിൽ വെള്ളംകെട്ടിനിൽക്കുമ്പോൾ താഴേയ്ക്കുള്ള മർദ്ദം വർദ്ധിക്കും. മർദ്ദം 200 ‘പാസ്ക്കൽ’ കഴിഞ്ഞ് ഒരു ‘മെഗാപാസ്ക്കൽ’ വരെ ഉയർന്നാൽ ഭൂമിയിൽ വിള്ളലും ചാനലുകളും കൂടുതലായുണ്ടാകും. ഇങ്ങനെ ഉയരുന്ന മർദ്ദമാണ് ഉരുൾപൊട്ടലായി മാറി പ്രദേശമാകെ കുത്തിയൊലിച്ച് താഴേക്ക് പോകുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.സൈനുദ്ദീൻ പട്ടാഴി പറഞ്ഞു. പശ്ചിമഘട്ടത്തിലെ അനധികൃത പാറമടകളും നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിൽ പലതവണ പറഞ്ഞിട്ടുള്ളതാണ്. 2019 ആഗസ്റ്റ് 8 നും പുത്തുമലയിൽ ഉരുൾപൊട്ടിയിരുന്നു. അന്ന് വയനാട് സന്ദർശിച്ച മാധവ് ഗാഡ്ഗിൽ, ഇനിയൊരു ദുരന്തം ഉണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

വിശദീകരണം തേടി ഹരിത ട്രൈബ്യൂണൽ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച്, മലയോര ജില്ലകളിലെ കയ്യേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ കേരളം വിശദീകരിക്കണമെന്ന് ഉത്തരവിട്ടു. ഉരുൾപൊട്ടലും വനനശീകരണവും തടയാൻ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് പുഷ്പ സത്യനാരായണ, ഡോ.സത്യഗോപാൽ കോറലപതി എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. മലയോരജില്ലകളിൽ വിജ്ഞാപനം ചെയ്ത പരിസ്ഥിതിലോല മേഖലകളുടെ വിവരം, ഏതെങ്കിലും മേഖല വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിൽ കാരണം എന്നിവയും വ്യക്തമാക്കണം. പശ്ചിമഘട്ട മേഖലയിൽ ഖനനവും വെടിമരുന്നുപയോഗിച്ചുള്ള പാറപൊട്ടിക്കലും അനുവദിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. 20,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ള വൻ നിർമ്മിതികൾ തടയാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി, പരിസ്ഥിതി, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, വയനാട്, ഇടുക്കി കളക്ടർമാർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവരോടാണ് ആവശ്യപ്പെട്ടത്. കേരള ഹൈക്കോടതിയും സ്വമേധയ കേസെടുത്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ശുപാർശ ചെയ്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലായ് 31 ന് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഇനിയും ദുരന്തസാദ്ധ്യതകൾ മുന്നിൽ കണ്ട് ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിന് അനുസൃതമായെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുമോ എന്നാണ് പരിസ്ഥിതിസ്നേഹികൾ ഉറ്റുനോക്കുന്നത്.


Source link

Related Articles

Back to top button