വയനാട് ഉരുൾപൊട്ടൽ : മുണ്ടക്കൈയിലും ചൂരൽമലയിലും തെരച്ചിൽ തുടരും
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരും. ദുരന്തഭൂമിയിൽ ഇന്നും മഴ പെയ്തു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തെരച്ചിൽ നടത്തി. ബന്ധുക്കൾ കാട്ടിക്കൊടുത്ത വീടിരുന്ന സ്ഥലങ്ങളിലും തെരഞ്ഞു. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയില്ല. വയനാടിന് പുറമെ നിലമ്പൂരിലെ ചാലിയാറിലും തെരച്ചിൽ ഇന്നലെയും തുടർന്നു. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്ററിൽ 60 അംഗ സംഘമാണ് തെരച്ചിൽ നടത്തിയത്.
ചൂരൽമല പാലത്തിന് താഴെ വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങളിലായിരുന്നു പരിശോധന. ദുരന്ത പ്രദേശങ്ങളിൽ 26 ടീമുകളിലായി 191 സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. വരും ദിവസങ്ങളിലും കാണാതായവർക്കുള്ള പരിശോധന തുടരും. ഓരോ മേഖലയിലും രണ്ട് തവണ പരിശോധന നടത്തി. പൂർത്തിയാക്കിയ മേഖലകളിൽ ആളുകൾ ആവശ്യപ്പെട്ടാൽ വീണ്ടും പരിശോധിക്കും. ഓഗസ്റ്റ് 13 ന് നിലമ്പൂർ കുമ്പളപ്പാറയിൽ ലഭിച്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിച്ചു. ഇതുവരെ 231 മൃതദേഹങ്ങളും 221 ശരീരങ്ങളുമാണ് ലഭിച്ചത്. 420 പേരുടെ ഡി.എൻ.എ പരിശോധനയ്ക്കയച്ചു.
Source link