KERALAMLATEST NEWS

ഹേമ കമ്മിറ്റി റിപ്പോർട്ട് ; അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ,​ പ്രമുഖർക്കെതിരെ മൊഴിയും രേഖകളും

തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാനിരിക്കെ പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്ന് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ ഭാഗത്തുണ്ട്. അതിൽ എത്രത്തോളം പുറത്തുവരും എന്നതിനെ ആശ്രയിച്ചിരിക്കും തുടർ വിവാദങ്ങൾ.

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകാൻ എഡിറ്റഡ് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടെങ്കിലും റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49),81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് വ്യക്തമാക്കിയിരുന്നു.

2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്‌ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സമർപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തൽ ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചു. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

പല സിനിമാ പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. വിവരാവാകാശ പ്രകാരവും നിയമസഭയിലും റിപ്പോർട്ടിന് വിലക്ക് ഏർപ്പെടുത്തി. വിവരാവാകശ കമ്മീഷന് പോലും റിപ്പോർട്ട് കൈമാറാൻ തയ്യാറാകാതെ വന്നതോടെ സിവിൽ കോടതിയുടെ അധികാരത്തോടെ റിപ്പോർട്ട് വിവരാവകാശ കമ്മിഷൻ പിടിച്ചെടുത്തു. വിവരങ്ങൾ പരിശോധിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ ഉത്തരവിട്ടത്.


Source link

Related Articles

Back to top button