KERALAMLATEST NEWS

വയനാട് പുനരധിവാസം ; ഒന്നാംഘട്ടത്തിന് തുടക്കം, മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം

# പരിക്കേറ്റവർക്ക് 75000- 50000
# ദുരിത ബാധിതർ വാടക
വീടുകളിലേക്ക് മാറിത്തുടങ്ങി

തിരുവനന്തപുരം: വയനാട് ചൂരൽമല,മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷംരൂപ വീതം ധനസഹായം നൽകും.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുളള നാലു ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ടുലക്ഷവും ചേർത്താണിത്.

കണ്ണുകൾ,കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60%ൽ അധികം വൈകല്യം ബാധിച്ചവർക്കും 75,000 രൂപ നൽകും.

40% മുതൽ 60%വരെ വൈകല്യം ബാധിച്ചവർക്ക് 50,000 വീതവും അനുവദിക്കും.

ഇന്നലെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പുനരധിവാസത്തിന്റെ ഒന്നാംഘട്ടമായി ദുരിത ബാധിതരെ ക്യാമ്പുകളിൽ നിന്ന് സർക്കാർ സജ്ജമാക്കിയ വാടക വീടുകളിലേക്ക് മാറ്റിത്തുടങ്ങി. ബന്ധുവീടുകളിൽ കഴിയുകയായിരുന്നവരും വാടക കെട്ടിടങ്ങളിലേക്ക് വന്നുതുടങ്ങി. മേപ്പാടി,മുപൈനാട്,വൈത്തിരി,കൽപ്പറ്റ,മുട്ടിൽ,അമ്പലവയൽ പ്രദേശങ്ങളിലാണ് താമസ സൗകര്യം.

ടൗൺഷിപ്പ് പൂർത്തിയാകുന്നതുവരെയാണ് താൽക്കാലികയിടങ്ങളിൽ താമസിക്കേണ്ടിവരികയെന്നും ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻപേർക്കും സഹായം ലഭ്യമാകും.

നഷ്ടം കണക്കാക്കാനും പുനരധിവാസപദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കാനുമുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാണാതായവർക്കായുള്ള തിരച്ചിൽ എന്ന് അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.വെള്ളിയാഴ്ചവരെ ചാലിയാറിൽ തിരച്ചിൽ നടത്തും.

കാണാമറയത്ത് 118 പേർ

231:

ഇതുവരെ കിട്ടിയ

മൃതദേഹങ്ങൾ

206:

കണ്ടെത്തിയ

ശരീരഭാഗങ്ങൾ

പിൻതുടർച്ചാവകാശ

സർട്ടിഫിക്കറ്റ് വേണ്ട

1. കൊവിഡ് സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയിൽ ‘നെസ്റ്റ് ഓഫ് കിൻ’ സാക്ഷ്യപത്രം അടിസ്ഥാനമാക്കി മരിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയമമനുസരിച്ച് നഷ്ടപരിഹാരം നൽകും.

2. പിൻതുടർച്ചാവകാശസർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഭാര്യ/ഭർത്താവ് / മക്കൾ/ മാതാപിതാക്കൾ എന്നിവർക്കും ആശ്രിതരായ സഹോദരൻ,സഹോദരി എന്നിവർക്കും നഷ്ടപരിഹാരം ലഭിക്കും. ബന്ധുത്വ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കും. ഇതിൽ ആക്ഷേപമുന്നയിക്കുന്നതിനുള്ള 30 ദിവസത്തെ നോട്ടീസ് സമയപരിധി ഒഴിവാക്കും.

3.കാണാതായ വ്യക്തികളുടെ ആശ്രിതർക്ക് സഹായം നൽകുന്നതിനായി പൊലീസ് നടപടികൾ പൂർത്തിയാക്കിയുളള പട്ടിക അടിസ്ഥാനപ്പെടുത്തി പ്രത്യേക ഉത്തരവ് ഇറക്കും. പെട്ടിമുടി ദുരന്തത്തിൽ ഇങ്ങനെ ചെയ്തിരുന്നു.

പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരമുള്ളതിന് യാതൊരുഫീസും ഈടാക്കില്ല. ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്

താത്കാലികമായി

500 കെട്ടിടങ്ങൾ സജ്ജം

100:

സർക്കാർ

കെട്ടിടങ്ങൾ

253:

വ്യക്തികളുടെ

വാടകവീടുകൾ

100:

മറ്റുവസതികൾ

53:

ഹാരിസൺ തൊഴിലാളി

യൂണിയൻ കണ്ടെത്തിയത്

മാസ വാടക 6000 വരെ

സർക്കാർ നൽകും

വാടകവീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു വാടക ഇനത്തിൽ ഒരു കുടുംബത്തിന് പ്രതിമാസം 6000രൂപവരെ നൽകും.ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും 6000രൂപ ലഭിക്കും.

സർക്കാർ ഉടമസ്ഥതയിലോ മറ്റുപൊതുഉടമസ്ഥതയിലോ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്നവർക്കും സ്‌പോൺസർഷിപ്പ് മുഖേന ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും പ്രതിമാസവാടക ലഭിക്കില്ല.സ്‌പോൺസർഷിപ്പുണ്ടെങ്കിൽ ശേഷിക്കുന്ന തുകനൽകും.


Source link

Related Articles

Back to top button