KERALAMLATEST NEWS

ഹേമ കമ്മിറ്റി: കേരളം രാജ്യത്തിന് മാതൃകയെന്ന് ഹൈക്കോടതി

കൊച്ചി: സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരാമ‌ർശം. നിർദ്ദേശങ്ങൾ നടപ്പാക്കാൻ സ‌ർക്കാരിന് പ്രേരണയാകണമെങ്കിൽ പൊതു സംവാദങ്ങളും ചർച്ചകളും അനിവാര്യമാണ്. റിപ്പോർട്ട് പുറത്തുവിടുന്നത് അതിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.

റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളെ താറടിക്കാൻ മാദ്ധ്യമങ്ങൾ വിനിയോഗിക്കുമെന്ന പരാതിക്കാരുടെ വാദം ശരിയല്ല. അഴിമതി ഇല്ലാതാക്കാനടക്കം ഉദ്ബോധിതരായ പൗരന്മാർ ഉണ്ടാകണം. വിവരാവകാശ കമ്മിഷൻ ഈ പരമമായ ലക്ഷ്യമാണ് നിർവഹിക്കുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശവും പ്രാധാന്യമുള്ളതാണ്. ഹേമ കമ്മിറ്റി വിഷയത്തിൽ കമ്മിഷൻ സന്തുലിതമായ തീരുമാനമാണെടുത്തതെന്ന് കോടതി വിലയിരുത്തി.

• മൂന്നംഗ സമിതി
2017ലാണ് സർക്കാർ ഹേമ കമ്മിഷനെ നിയോഗിക്കുന്നത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് കൈമാറി. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ. ഹേമ അദ്ധ്യക്ഷയായ സമിതിയിൽ നടി ശാരദ, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളായിരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സിറ്റിംഗിൽ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരും സംഘടനകളും തെളിവെടുപ്പിനെത്തി. റിപ്പോർട്ട് പരസ്യപ്പെടുത്തിയില്ലെങ്കിലും ചില ശുപാർശകളിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ട്.

രണ്ട് ഭാഗങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്. ആദ്യ ഭാഗത്താണ് കമ്മിറ്റിയുടെ ശുപാർശകൾ. ഇതിൽ മൊഴി നൽകിയവരെയോ ആരോപണ വിധേയരെയോ തിരിച്ചറിയുന്ന ഒന്നുമില്ല.രണ്ടാം ഭാഗം വീഡിയോ – ഓഡിയോ ക്ലിപ്പുകൾ അടങ്ങിയതാണ്. ഇത് പെൻഡ്രൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button