കൊല്ലം: ജില്ലയിൽ സ്തനാർബുദവും ഗർഭാശയ (സെർവിക്കൽ) ക്യാൻസറും വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. സെർവിക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേ ആൻഡ് സ്‌ക്രീനിംഗിൽ (ശൈലി) ആണ് കണ്ടെത്തൽ.
ക്യാൻസർ സാദ്ധ്യതയുള്ള ഭൂരിഭാഗം സ്ത്രീകളിലും സ്തനാർബുദമാണ് അരികിലെത്തി നിൽക്കുന്നത്. ശൈലി രണ്ടാംഘട്ട സർവേയും സ്ക്രീനിംഗും ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 977 പേർക്ക് സ്തനാർബുദ സാദ്ധ്യതയും 379 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. 52,084 പേരുടെ സർവേ പൂർത്തിയായപ്പോൾ ലഭിച്ച കണക്കാണിത്.
ഒന്നാം ഘട്ട സർവേയിൽ പങ്കെടുത്ത 12.99 ലക്ഷം പേരിൽ 60,287 പേരിലാണ് സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയത്. 8,486 പേരിൽ സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി.
പ്രായമേറുന്തോറും സ്തനാർബുദ സാദ്ധ്യത കൂടുന്നു
5 ശതമാനം സ്തനാർബുദവും ജനിതക കാരണങ്ങളാൽ
ശരീരത്തിലടിയുന്ന അമിതമായ കൊഴുപ്പും ആഹാരത്തിലെ ഫൈറ്റോ ഈസ്ട്രജൻന്റെ അഭാവും അർബുദ സാദ്ധ്യത കൂട്ടുന്നു.
മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നു.
സ്തനാർബുദം തുടക്കത്തിലേ കണ്ടെത്താൻ കഴിയും.
ആരംഭദിശയിലേ കണ്ടുപിടിച്ചാൽ 100% ചികിത്സിച്ച് ഭേദമാക്കാം.
വൈകുന്തോറും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കും
സ്തനത്തിലെ മുഴ, ചുവപ്പ്, വരണ്ട ചർമ്മം, മുലക്കണ്ണിൽ നിന്നും ദ്രാവകം, മുറിവടയാളം
എന്നിവ ലക്ഷണങ്ങൾ
സെർവിക്കൽ ക്യാൻസർ
നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കാം
10-15 വർഷം കൊണ്ടാണ് കോശങ്ങൾക്ക് വൈറസ് രൂപമാറ്റം വരുത്തുന്നത്
പാപ്‌സ്‌മിയർ എന്ന ചെലവ് കുറഞ്ഞ ടെസ്റ്റിലൂടെ രോഗം കണ്ടെത്താം
അർബുദമാണെങ്കിൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവ വിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാവാം.
9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് 2 ഡോസ് ഹ്യൂമൻ പാപ്പിലോമവൈറസ് (എച്ച്.പി.വി) വാക്‌സിൻ നല്കിയാൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും
‘ശൈലി 2.0 സർവേ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കാൻ കഴിഞ്ഞാൽ രോഗം പ്രതിരോധിക്കാൻ സാധിക്കും’
ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി
Source link