ന്യൂയോർക്ക്: ഗാസാ വെടിനിർത്തൽ യാഥാർഥ്യമായാൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള നീക്കം ഇറാൻ ഉപേക്ഷിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വെടിനിർത്തൽ ഉണ്ടാവുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലും ഹമാസും സമാധാന ധാരണയിലെത്തുമെന്നു പ്രത്യാശിക്കുന്നതായും ബൈഡൻ കൂട്ടിച്ചേർത്തു. ഹനിയ വധത്തിൽ ഇസ്രയേലിനോടു പ്രതികാരം ചെയ്യാൻ ഇറാൻ കോപ്പുകൂട്ടുന്നതിനിടെ, ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകൾ നിർണായകമാകുമെന്നാണു സൂചനകൾ. വെടിനിർത്തലുണ്ടായാൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിയിൽനിന്നു പിന്മാറിയേക്കുമെന്ന് ഇറാനിലെ മൂന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. ദോഹയിലെ ചർച്ച പരാജയപ്പെട്ടാലോ, ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം ഇസ്രയേൽ നടത്തിയാലോ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയിലാണു ദോഹയിലെ ചർച്ച. സിഐഎ ഡയറക്ടർ വില്യം ബേൺസ് ആണ് യുഎസ് സംഘത്തെ നയിക്കുന്നത്. ഗാസയിലെ വെടിനിർത്തലും ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ മോചനവും ഉൾപ്പെടുന്ന വെടിനിർത്തൽ പദ്ധതിയാണു പരിഗണനയിൽ. ആക്രമണനീക്കത്തിൽനിന്ന് ഇറാൻ പിന്മാറണമെന്നു യുഎസ് ഉൾപ്പെടെയുള്ള വൻ ശക്തികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പ്രതികാരം ഇറാന്റെ നിയമാവകാശമാണെന്നാണ് പ്രസിഡന്റ് പസെഷ്കിയാൻ പ്രതികരിച്ചത്. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കഴിഞ്ഞ മാസം അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇറാന്റെ ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകാമെന്നു യുഎസ് നേരത്തേ അറിയിച്ചിരുന്നു. ഇസ്രയേലിനെ സഹായിക്കാൻ യുഎസ് യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്.
Source link