മാഡ്രിഡ്/മാഞ്ചസ്റ്റർ: ഒളിന്പിക്സിന്റെ ആരവമടങ്ങിയതിനു പിന്നാലെ കായിക പ്രേമികൾ ഫുട്ബോൾ ആവേശത്തിന്റെ ദിനങ്ങളിലേക്ക്. കോപ്പ അമേരിക്ക, യൂറോ കപ്പ് പോരാട്ടങ്ങളുടെ വേലിയേറ്റത്തിനുശേഷമായിരുന്നു പാരീസ് ഒളിന്പിക്സ്. 33-ാം ഒളിന്പിക്സിനു തിരശീല വീണതിനു പിന്നാലെ ഇനി യൂറോപ്യൻ ക്ലബ് ഫുട്ബോൾ പോരാട്ടത്തിനു പന്ത് ഉരുളുന്നു. യൂറോപ്പിൽ അഞ്ചു മുൻനിര ലീഗുകളിൽ സ്പാനിഷ് ലാ ലിഗയ്ക്കാണ് ആദ്യ കിക്കോഫ്. ഇന്ത്യൻ സമയം ഇന്നു രാത്രി 10.30ന് അത്ലറ്റിക് ബിൽബാവൊ ഗെറ്റാഫെയെ നേരിടുന്നതോടെയാണ് ലാ ലിഗ 2024-25 സീസണിനു തുടക്കമാകുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിനു നാളെയാണു പന്തുരുളുന്നത്. ഇന്ത്യൻ സമയം നാളെ അർധരാത്രി 12.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും. നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യമത്സരം ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി ഒന്‍പതിന് ചെൽസിക്കെതിരേയാണ്. ശനിയാഴ്ചയാണ് ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങൾക്കു തുടക്കമാകുന്നത്. ശനി രാത്രി 10.00ന് ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്റർ മിലാൻ ജിറോണയെ നേരിടും. ശനി അർധരാത്രി മുതൽ ജർമൻ ബുണ്ടസ് ലിഗയ്ക്കും ഫ്രഞ്ച് ലീഗിനും പന്തുരുളുന്നതോടെ യൂറോപ്പിലെ അഞ്ചു മിൻനിര ക്ലബ് പോരാട്ടവും ആരാധകരെ ആവേശത്തിലാക്കും. റയൽ x ബാഴ്സ ക്ലബ് ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആകർഷകമായ രണ്ടു ടീമുകളാണ് സ്പാനിഷ് ലാ ലിഗയിലെ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും. 2024-25 സീസണിൽ ഇരുടീമും തമ്മിൽ തീപ്പൊരിപോരാട്ടം ഉറപ്പാണ്. കാരണം, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെ റയൽ മാഡ്രിഡിലേക്ക് എത്തിയശേഷമുള്ള ആദ്യ സീസണ് ആണിത്. യൂറോപ്യൻ, ലാ ലിഗ കിരീടങ്ങൾ നിലനിർത്തുന്നതിൽ കുറഞ്ഞ ഒന്നുകൊണ്ടും കാർലോ ആൻസിലോട്ടിയുടെ റയൽ മാഡ്രിഡ് അടങ്ങില്ല. കിലിയൻ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയർ, റോഡ്രിഗൊ എന്നിങ്ങനെ നീളുന്ന കാൽപ്പന്തുലോകത്തിലെ അതികായന്മാരാണ് റയൽ മാഡ്രിഡിന്റെ ശക്തി. മറുവശത്ത് 2024 യൂറോ കപ്പ് സ്വന്തമാക്കിയ സ്പാനിഷ് ദേശീയ ടീമിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നതാണ് ബാഴ്സലോണ. ലമെയ്ൻ യമാൽ, ഗാവി, പെദ്രി എന്നിവർക്കൊപ്പം ഡാനി ഓൾമോയും ബാഴ്സലോണ ജഴ്സിയണിയും. ജർമൻ ക്ലബ്ബായ ലൈപ്സിഗിൽനിന്ന് വേനൽക്കാല ട്രാൻസ്ഫറിലൂടെയാണ് ഓൾമോയെ ഹൻസി ഫ്ളിക്ക് ബാഴ്സയിലെത്തിച്ചത്. ചുരുക്കത്തിൽ അടുത്ത അഞ്ചെട്ടു വർഷത്തേക്കുള്ള കളിക്കാരാനാണ് റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമുള്ളത്.
യുവേഫ സൂപ്പർ കപ്പ് കിരീടപോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ്ബായ അത്ലാന്തയെ നേരിട്ടാണ് റയൽ മാഡ്രിഡ് 2024-25 സീസണ് ആരംഭിച്ചത്. ലാ ലിഗയിൽ റയലിന്റെ ആദ്യ മത്സരം 19ന് പുലർച്ചെ ഒന്നിന് മയ്യോർക്കയ്ക്കെതിരേയാണ്. 18നു പുലർച്ചെ ഒന്നിന് വലൻസിയയ്ക്കെതിരേയാണ് ബാഴ്സയുടെ സീസണ് ഓപ്പണർ. 354 ദിന സീസണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് ഏറ്റവും ദൈർഘ്യമേറിയ സീസണ് ആണ്. സിറ്റി സൂപ്പർതാരം എർലിംഗ് ഹാലണ്ടിനു മുന്നിൽ പരമാവധി 70 മത്സരങ്ങളാണ് ഈ സീസണിൽ ഉള്ളത്. 354 ദിനം നീളുന്ന സീസണ് ആണ് 2024-25. റയൽ മാഡ്രിഡിന്റെ കിലിയൻ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം എന്നിവർക്കും പരമാവധി 70 മത്സരങ്ങൾ ഈ സീസണിൽ കളിക്കേണ്ടിവന്നേക്കും. 2025 ജൂലൈ 13നു നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള കണക്കാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യപരിശീലകൻ എറിക് ടെൻ ഹഗിനെ നിലനിർത്തിയത് അദ്ഭുതത്തോടെ വീക്ഷിക്കുന്നവരുണ്ട്. ഈ തീരുമാനം ശരിവയ്ക്കാൻ ടെൻ ഹഗിനുള്ള അവസാന അവസരമാണ് 2024-25 സീസണ്. ശേഷം മൂന്ന് ഇംഗ്ലീഷ് പ്രീമയിർ ലീഗ്, സ്പാനിഷ് ലാ ലിഗ എന്നീ പോരാട്ടങ്ങളുടെ ഗ്ലാമറും താരപ്രഭയുമില്ലെങ്കിലും ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍ എന്നിവയും ചേരുന്നതാണ് യൂറോപ്പിലെ വന്പൻ ക്ലബ് ലോകം. ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക്കിന്റെ യമാൽ മുസിയാല, ഹാരി കെയ്ൻ, ലെവർകൂസന്റെ റോബർട്ട് ആൻഡ്രിക് തുടങ്ങിയവരാണ് സൂപ്പർ താരങ്ങൾ. ലെവർകൂസനാണ് നിലവിലെ ചാന്പ്യന്മാർ. ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാൻ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. ഇന്ററിന്റെ ലൗതാരൊ മാർട്ടിനെസ്, എഎസ് റോമയുടെ പൗലൊ ഡിബാല തുടങ്ങിയവർ സീരി എയുടെ മുഖങ്ങളാകും. എംബപ്പെയുടെ അഭാവത്തിൽ ഫ്രഞ്ച് ലീഗിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. എന്നാൽ, പിഎസ്ജിയുടെ ഉസ്മാൻ ഡെംബെലെ, ലിലയുടെ എയ്ഞ്ചൽ ഗോമസ് തുടങ്ങിയവരാണ് ലീഗിലെ മുൻനിര താരങ്ങൾ.
Source link