കയർ അർജുൻ ഓടിച്ച ലോറിയുടേത് തന്നെ, എന്നാൽ ലോഹഭാഗങ്ങൾ ആ വാഹനത്തിന്റേത് അല്ല: വ്യക്തമാക്കി ഉടമ മനാഫ്
ഷിരൂർ: കാണാതായ ലോറി ഡ്രൈവർ അർജുനുവേണ്ടിയുള്ള തെരച്ചിലിൽ നേവി കണ്ടെത്തിയ കയർ തന്റെ വാഹനത്തിലേതുതന്നെയെന്ന് ഉറപ്പിച്ച് ലോറിയുടെ ഉടമസ്ഥൻ മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്നതാണ് ഈ കയർ എന്നാണ് മനാഫ് പറയുന്നത്. നേവി നടത്തിയ തെരച്ചിലിൽ ലോറിയുടെ ക്യാബിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ആകാൻ തീരെ സാദ്ധ്യതയില്ലെന്നും കണ്ടെത്തിയ ഭാഗങ്ങളെല്ലാം പഴക്കമുള്ളവയാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്.
അതേസമയം, നദിയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നേവിയിലെ വിദഗ്‌ധർ പരിശോധന നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തെരച്ചിലിനുണ്ട്. പുഴയിൽ രണ്ടിടത്ത് പരിശോധന തുടരുന്നുവെന്നാണ് നേവി അറിയിക്കുന്നത്.
ഇന്നുരാവിലെ മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പത്തിലേറെത്തവണയാണ് അദ്ദേഹം നദിയിൽ മുങ്ങിത്തപ്പിയത്. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാണെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.
അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈല്ലും പറഞ്ഞു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ല. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നാണ് എംഎൽഎ പറയുന്നത്. നാളെ തെരച്ചിൽ ഉണ്ടാവില്ല. മറ്റന്നാള്‍ പുനഃരാരംഭിക്കും.
ദിവസങ്ങൾക്കുശേഷം ഇന്നലെയാണ് ഈശ്വർ മാൽപേ പുഴയിലിറങ്ങി പരിശോധന വീണ്ടും തുടങ്ങിയത്. ഇതിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഒരു ഇരുമ്പ് കഷണവും ലഭിച്ചിരുന്നു. ജാക്കി മനാഫ് തിരിച്ചറിഞ്ഞു.
Source link