‘നീ നല്ലോണം നോക്കിക്കൊള്ളണം കേട്ടോ’, മമ്മൂക്ക ഇടയ്ക്ക് എന്നോടു പറയും: എംടിയുടെ മകൾ പറയുന്നു

നടൻ മമ്മൂട്ടിയോട് എം.ടി. വാസുദേവൻ നായർക്കുള്ളത് പ്രത്യേക വാത്സല്യമാണെന്ന് എംടിയുടെ മകൾ അശ്വതി. തന്റെ വിവാഹത്തിന് മമ്മൂട്ടിയെയും സംവിധായകൻ ഹരിഹരനെയും മാത്രമാണ് എംടി വിളിച്ചതെന്നും അശ്വതി ഓർത്തെടുക്കുന്നു. മമ്മൂട്ടിക്കും എംടിയോട് വളരെ നല്ല അടുപ്പമുണ്ട്. മമ്മൂട്ടിയുടെ കൂടി അച്ഛനാണെന്ന രീതിയിൽ നീ അദ്ദേഹത്തെ നല്ലതുപോലെ നോക്കണം എന്ന് പറയാറുണ്ടെന്ന് അശ്വതി പറയുന്നു.  മറ്റു നടന്മാരോടുള്ളതിനേക്കാൾ മമ്മൂട്ടിയോട് ഒരു പ്രത്യേക അടുപ്പവും സ്നേഹവും എം ടിക്ക് ഉണ്ടെന്നും അശ്വതി പറഞ്ഞു.  

‘‘അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മമ്മൂക്ക. മമ്മൂക്കയും അതുപോലെയാണ്.  അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ കല്യാണനിശ്ചയം ചെന്നൈയിൽ വച്ചായിരുന്നു. ആകെ 40 ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സിനിമ മേഖലയിൽ നിന്നും മമ്മൂക്കയെ മാത്രമാണ് അച്ഛൻ  വിളിച്ചത്. ഹരിഹരൻ അങ്കിളും മമ്മൂക്കയുമാണ് അന്ന്  വന്നത്.

മമ്മൂക്ക ഇടയ്ക്ക് എന്നോട് പറയും, ‘‘നീ നല്ലോണം  നോക്കികൊള്ളണം കെട്ടോ’’ എന്ന്. അതെനിക്കുള്ളൊരു ഓർമപ്പെടുത്തലാണ്. അച്ഛൻ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു പ്രൊട്ടക്റ്റീവ് സ്ട്രീക്ക് കൂടിയുണ്ട് മമ്മൂക്കയ്ക്ക്. ഇടയ്ക്ക് എന്നെ വഴക്കു പറയും, നീയെന്താ അങ്ങനെയൊക്കെ ചെയ്യുന്നേ? നോക്കേണ്ടേ? എന്നൊക്കെ.

അവരു തമ്മിലുള്ള ബന്ധം ഞാൻ ചെറുപ്പത്തിലെ കണ്ടു വളർന്നതാണ്. അത് വളരെ വ്യത്യസ്തമാണ്. മറ്റുള്ള നടന്മാരോട് ഉള്ളതുപോലെ അല്ല മമ്മൂക്കയോട് അച്ഛനുള്ള സ്നേഹം.’’അശ്വതി പറഞ്ഞു. 

English Summary:
Mammootty Was Like Family”: MT Vasudevan Nair’s Daughter Reveals Touching Bond


Source link
Exit mobile version