ആലപ്പുഴ: ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആന്തരികാവയങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ് പൊലീസിന്റെ പിടിവള്ളി. മരണം സ്വാഭാവികമോ, കൊലപാതകമോ എന്ന് ഉറപ്പിക്കാൻ പരിശോധനാഫലം വരേണ്ടതുണ്ട്.
പ്രസവസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നോ, മരണകാരണം തുടങ്ങിയ നിർണ്ണായക വിവരങ്ങൾ രാസപരിശോധനയിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കുഞ്ഞിന്റെ മാതാവ് സോന ജോജിയുടെയും കാമുകൻ ജോസഫ് തോമസിന്റെയും മൊഴികളിലെ വൈരുദ്ധ്യവും ദുരൂഹതയും ശ്വാസകോശം, ആമാശയം, കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലൂടെ നീക്കാനാകുമെന്നും അവർ കരുതുന്നു.രണ്ടാഴ്ചയെങ്കിലും ഫലത്തിനായി കാത്തിരിക്കേണ്ടി വരും.
ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ പാടത്തിൽ കുഴിച്ചുമൂടി, നാലാംദിവസം പൊലീസ് പുറത്തെടുത്ത മൃതദേഹം അഞ്ചാം ദിവസമാണ് പോസ്റ്റുമോർട്ടം ചെയ്തത്. പാടശേഖരത്തിലെ ഈർപ്പത്തിൽ നാലുദിവസത്തോളം കിടന്ന കുഞ്ഞിന്റെ തൊലി അഴുകി അടർന്ന നിലയിലായിരുന്നു. ഇതുകാരണം പരുക്കിന്റെയോ, ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങൾ ബാഹ്യമായി കണ്ടെത്താൻ പോസ്റ്റുമോർട്ടത്തിനായില്ല. കഴുത്തിലോ മുഖത്തോ കൈകൊണ്ടോ തുണിപോലുള്ള വസ്തുക്കൾ കൊണ്ടോ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും വ്യക്തമായിരുന്നില്ല.
ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്നശേഷമാണ് കുഞ്ഞ് മരിച്ചതെങ്കിൽ ശ്വാസത്തിനൊപ്പം ഉള്ളിലേക്ക് കടന്ന അതിസൂക്ഷ്മ പൊടിപടലങ്ങളുൾപ്പെടെയുള്ളവ ശ്വാസകോശത്തിലും ശ്വാസനാളത്തിലും കണ്ടെത്താനാകും. കുഞ്ഞിനെ മുലയൂട്ടിയിട്ടുണ്ടെങ്കിൽ പാലും അതിലെ പ്രോട്ടീനുൾപ്പടെയുള്ള ഘടകങ്ങളും അന്നനാളം, കുടൽ, ആമാശയം തുടങ്ങിയവയിൽ ഉണ്ടാകും. കിഡ്നിയും ഹൃദയവും തലച്ചോറുമുൾപ്പെടെ എത്ര സമയം വരെ പ്രവർത്തിച്ചുവെന്ന് കണ്ടെത്താനും രാസപരിശോധനയ്ക്ക് കഴിയും.
മൊഴിയിൽ വൈരുദ്ധ്യം, ചോദ്യം ചെയ്യും
ഏഴാംതീയതി പുലർച്ചെ 1.30ന് പ്രസവിച്ചുവെന്നാണ് കേസിൽ ഒന്നാം പ്രതിയായ സോനയുടെ മൊഴി. കുഞ്ഞ് കരഞ്ഞതായും അമ്മത്തൊട്ടിലിൽ കൈമാറാൻ സുഹൃത്തിനെ ഏൽപ്പിച്ചെന്നും എറണാകുളത്തെ ഡോക്ടറോട് സോന പറഞ്ഞിരുന്നു. എന്നാൽ, കുഞ്ഞിന് അനക്കമില്ലായിരുന്നു വെന്നാണ് കാമുകൻ തോമസ് പൊലീസിനോട് പറഞ്ഞത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന സോനയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ വിശദമായി ചോദ്യം ചെയ്യും. കൂട്ടുപ്രതികളായ തോമസ്, അശോക് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ എഫ്.ഐ.ആറിലെ വകുപ്പുകളിൽ മാറ്റം വരുത്തും. സോനയുടെ വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.ചേർത്തല ഡിവൈ.എസ്.പി പി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ സി.ഐ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സോന ഗർഭച്ഛിദ്രത്തിന് ഗുളിക കഴിച്ചിരുന്നു
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി പണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറയിൽ സോനജോജി (22) ഗർഭച്ഛിദ്രത്തിന് ഗുളിക കഴിച്ചിരുന്നതായും അലസിയെന്നാണ് കരുതിയതെന്നും പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഓൺലൈനായിട്ടാണോ ഗർഭച്ഛിദ്ര ഗുളിക വാങ്ങിത്, പ്രതികളിൽ നിന്ന് സഹായം ലഭിച്ചോ, ആസൂത്രണമോ, ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നു. ഫോണിൽ നിന്ന് ഇതു സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് കണക്ഷനു പുറമേ വൈഫൈ ഉപയോഗിച്ച് കൂട്ടുപ്രതികളുമായി ചാറ്റ് ചെയ്തിരുന്നതായും സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സോനയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻ പറമ്പിൽ തോമസ് ജോസഫ്(24), സഹായി തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരുടെ ഫോൺകാൾ വിവരങ്ങൾ പരിശോധിക്കും.
സോനയുടെ പാണാവള്ളിയിലെ വീട്ടിൽ നിന്ന് കുഞ്ഞിനെ കുഴിച്ചിടാൻ തകഴി കുന്നുമ്മയിലെത്തിക്കാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലാണ്. ഇവരുടെ സഞ്ചാരം സ്ഥിരീകരിക്കാൻ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കും. ഫോറൻസിക് സയൻസിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന സോനയുടെ സഹപ്രവർത്തകരുടെയും മാതാപിതാക്കളുടെയും, രക്തസ്രാവത്തെ തുടർന്ന് ആദ്യം ചികിത്സ തേടിയ വീടിന് സമീപത്തെ ക്ളിനിക്കിലെ ഡോക്ടറുടെയും മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഇത്തരത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും.
Source link