KERALAMLATEST NEWS

കറുപ്പിന് പകരം പിങ്ക് നിറമായിപ്പോയി, കയ്യില്‍ നിന്ന് കൊടുക്കേണ്ടത് 30,000 രൂപ 

കൊച്ചി: ഓണ്‍ലൈനായി വാങ്ങിയ കറുത്ത സ്മാര്‍ട്ട് വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നല്‍കിയ ഓണ്‍ലൈന്‍ സ്ഥാപനം ഉപഭോക്താവിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവ്. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് ബാഗ്ലൂരിലെ സംഗീത മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ബന്ധുവിന്റെ വിവാഹ ചടങ്ങിന് അണിയാനാണ് പരാതിക്കാരന്‍ കറുത്ത സ്മാര്‍ട്ട് വാച്ച് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. 3999 രൂപ ഗൂഗിള്‍ പേ വഴി നല്‍കി. പറഞ്ഞ ദിവസം തന്നെ കൊറിയറില്‍ വാച്ച് ലഭിച്ചു. ബോക്സ് തുറന്നപ്പോള്‍ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലുള്ള സ്മാര്‍ട്ട് വാച്ചാണ് ലഭിച്ചത്. ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിര്‍കക്ഷിക്ക് പരാതി നല്‍കി. യാതൊരു നടപടിയും ഉണ്ടായില്ല.തുടര്‍ന്ന് സംഗീത മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്‍സ്റ്റഗ്രാം പേജ് വഴി പരാതി നല്‍കി. 24 മണിക്കൂറിനകം പരാതി പരിഹരിക്കാം എന്ന് മറുപടി ലഭിച്ചു. ഫലമുണ്ടായില്ല. ഇതിനുപിന്നാലെയാണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വില്പന വര്‍ദ്ധിപ്പിക്കുന്നതിനും അമിത ലാഭത്തിനുമായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പറഞ്ഞു. അശ്രദ്ധയും കബളിപ്പിക്കല്‍ മൂലവും പരാതിക്കാരന് ഏറെ മനപ്രയാസവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയ സംഗീത മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും മെമ്പര്‍മാരായ വി. രാമചന്ദ്രന്‍ , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി. ഉപഭോക്താവിനെ കബളിപ്പിച്ച ഓണ്‍ലൈന്‍ വ്യാപാരി 45 ദിവസത്തിനകം മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരനു വേണ്ടി അഡ്വ. മിഷേല്‍ എം.ദാസന്‍ ഹാജരായി.


Source link

Related Articles

Back to top button