KERALAMLATEST NEWS

ഈശ്വർ മാൽപെ എത്തി, അർജുനായുള്ള തെരച്ചിൽ ഉടൻ പുനഃരാരംഭിക്കും; കേരളം സഹകരിക്കുന്നില്ലെന്ന് എം എൽ എ

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഉടൻ പുനഃരാരംഭിക്കുമെന്ന് കാർവാർ എം എൽ എ സതീശ് കൃഷ്ണ സെയ്ൽ. നാവിക സേനയല്ല, ഇനി ഈശ്വർ മാൽപെയാണ് അവിടെ പരിശോധന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വർ മാൽപെ സ്ഥലത്തെത്തിയിട്ടുണ്ട്.

ക്ഷുഭിതനായിട്ടാണ് എം എൽ എ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കേരള സർക്കാർ തങ്ങളോട് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഡ്രഡ്ജർ അടക്കം കൊണ്ടുവന്ന് തെരച്ചിൽ നടത്താൻ തങ്ങൾ തയ്യാറായിരുന്നു. പല തവണ ആവശ്യപ്പെട്ടു. അതിനുവേണ്ട വാടകയടക്കം മുൻകൂട്ടി നൽകാമെന്ന് പറഞ്ഞിട്ടും ശ്രമിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് രണ്ട് ദിവസമായി മഴ ഇല്ല. ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്സിന് അടുത്തെത്തി. കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണ്. ഈശ്വർ മാൽപെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും എൻ ഡി ആർ എഫിന്റെ സംഘവും ഇറങ്ങുമെന്ന് എം എൽ എ വ്യക്തമാക്കി. ഇന്ന്‌ ഈശ്വർ മാൽപെ മാത്രമായിരിക്കും പുഴയിലിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഡ്രഡ്ജർ ഗോവയിൽ നിന്ന് എത്തിക്കാനും ശ്രമമുണ്ടെന്നാണ് വിവരം. തെരച്ചിൽ നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല. എം എൽ എ മുൻകൈയെടുത്താണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.

അർജുനായി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇന്നലെ പറഞ്ഞിരുന്നു. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നത് വെല്ലുവിളിയാണെന്നും എന്നിരുന്നാലും ദൗത്യം അവസാനിപ്പിക്കില്ല,തെരച്ചിൽ തുടരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തെരച്ചിലിൽ ജില്ലാ ഭരണകൂടത്തിന് വീഴ്‌ചയുണ്ടായെന്ന് അർജുന്റെ ബന്ധു ജിതിൻ ആരോപിച്ചിരുന്നു.


Source link

Related Articles

Back to top button