ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സിനിമാമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് റിപ്പോർട്ടിലുള്ളത്.
സ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്‌ചയ്ക്ക് ശേഷമേ റിപ്പോർട്ട് പുറത്തുവിടാകുവെന്നാണ് കോടതി നിർദേശം.
റിപ്പോർട്ടിന്റെ ഉള്ളടക്കം ഹർജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്നതാണോയെന്ന് ഹൈക്കോടതി വിചാരണ വേളയിൽ ചോദിച്ചിരുന്നു. വ്യക്തിപരമായല്ലെങ്കിലും സിനിമാ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നായിരുന്നു മറുപടി. സോളാർ കമ്മിഷൻ റിപ്പോർട്ട് ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയതുപോലെ സംഭവിച്ചേക്കാമെന്നും ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു.
സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മിഷനും വിമൻ ഇൻ സിനിമ കളക്ടീവും കോടതിയെ അറിയിച്ചിരുന്നു. ഹർജിക്കാരന്റെ ഇടപെടൽ സംശയാസ്പദമാണെന്നും ഡബ്ല്യു സി സി ആരോപിച്ചിരുന്നു.
റിപ്പോർട്ടിൽ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നും വിവരാവകാശ കമ്മിഷന്റെ അഭിഭാഷകൻ നിലപാടെടുത്തിരുന്നു. 2017ൽ കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഹേമ കമ്മീഷൻ രൂപീകരിച്ചത്. 2019ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യയിലാദ്യമായിട്ടാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചത്.
Source link