മോദിയും ട്രംപും: ആശയക്കുഴപ്പത്തില്‍ ഇന്ത്യക്കാര്‍
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആശയക്കുഴപ്പത്തിലായത് ഇന്ത്യന്‍ വംശജര്‍. മോദിഭക്തരായ ഇവരേറെയും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ട്രംപിനെ പിന്തുണച്ചവരാണ്. അതുവരെ ഡെമോക്രാറ്റുകളായിരുന്ന ഭൂരിപക്ഷം ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജയായ കമല ഹാരിസ് മത്സരരംഗത്തു വന്നതോടെ പൂര്വാശ്രമത്തിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായി. അമേരിക്കയിലെ 33.4 കോടി ജനസംഖ്യയില്‍ ഇന്ത്യക്കാര്‍ 48 ലക്ഷമേ ഉള്ളുവെങ്കിലും എണ്ണത്തേക്കാള്‍ സമ്പത്തിലും സ്വാധീനത്തിലും മുന്നിലാണ് അവര്‍. അതുകൊണ്ടുതന്നെ അവരെ ചേര്‍ത്തുപിടിക്കാന്‍ മോദിയും ട്രംപും എക്കാലവും ശ്രമിച്ചിട്ടുണ്ട്. ട്രംപ് പങ്കെടുത്ത മോദിയുടെ ഹൂസ്റ്റണിലെ സ്വീകരണത്തേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മോദി സ്വന്തം നാടായ അഹമ്മദാബാദില്‍ ട്രംപിനു നല്കിയ സ്വീകരണം. പരസ്പരം പുകഴ്ത്തിയും ആശ്ലേഷിച്ചും അവര്‍ സയാമിസ് ഇരട്ടകളായി. ഇന്ത്യ- അമേരിക്ക വ്യാപാരം മെച്ചപ്പെട്ടു. റഷ്യയുമായുള്ള ആയുധ ഇടപാടുകള്‍ കുറയുകയും അമേരിക്കയുമായുള്ളത് വര്‍ധിക്കുകയും ചെയ്തു. കൂടുതല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇരുവര്‍ക്കും ഒന്നിക്കാന്‍ ചൈനയെന്ന പൊതുശത്രുവുമുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഗോളതലത്തില്‍ പോരാടാന്‍ ഇരുവരുമുണ്ട്. തീവ്രദേശീയതയില്‍ ഊന്നിയുള്ളതാണ് ഇരുവരുടെയും രാഷ്ട്രീയം. കുടിയേറ്റവിരോധം ഇരുവരുടെയും രക്തത്തിലുണ്ട്. ട്രംപ് മെക്സിക്കന്‍ കുടിയേറ്റത്തെ അതിശക്തമായി എതിര്‍ക്കുകയും 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ അവയിലേറെയും ഇസ്ലാമിക രാജ്യങ്ങളായിരുന്നു. മോദിയുടെ പൗരത്വ ഭേദഗതി നിയമം പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിംകള് ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്നു.
മോദി മൂന്നു തവണ വിജയിച്ചപ്പോള്‍ ട്രംപിന് ഇത് മൂന്നാം മത്സരമാണ്. 2016ൽ ജയിച്ച അദ്ദേഹം 2020ല്‍ പരാജയപ്പെട്ടു. മൂന്നാമൂഴത്തില്‍ അനായാസവിജയം പ്രതീക്ഷിച്ചിരുന്ന ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് കമല ഹാരിസ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. തനിക്കുശേഷം പ്രളയം എന്നു മാത്രമല്ല, തങ്ങള്‍ക്കു മുമ്പും പ്രളയം എന്നു വിശ്വസിക്കുന്നവരാണ് ഇരുവരും. പൂര്‍വികരായ ഭരണകര്‍ത്താക്കളെല്ലാം പരാജയമായിരുന്നെന്നും തങ്ങളാണ് രാജ്യത്തിന്റെ എല്ലാ നേട്ടത്തിനും പിന്നിലെന്നും ഇരുവരും കരുതുന്നു. ദൈവദത്തമായി അധികാരം ലഭിച്ചവരാണ് തങ്ങളെന്ന് രണ്ടുപേരും അവകാശപ്പെട്ടു. പ്രകൃതിദത്തമായ ജന്മംപോലുമല്ല തങ്ങളുടേത് എന്നുപോലും സ്വയം വിശേഷിപ്പിച്ചു. കറുത്ത വംശജര്‍ക്കെതിരേ ട്രംപ് സംസാരിക്കുമ്പോള്‍ മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരേ തിരിഞ്ഞു. തീവ്രദേശീയതയ്ക്ക് ഇന്ത്യയില്‍ മങ്ങലേറ്റതിന്റെ സ്വാധീനം അമേരിക്കയിലെ ഇന്ത്യക്കാരിലും പ്രതിഫലിക്കാം. ട്രംപിന് നേരത്തേ നല്കിയ നിരുപാധിക പിന്തുണ മോദി ഇനി തുടരുമോയെന്നതും സംശയകരമാണ്. കമല ഹാരിസിനെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയായി പരിഗണിക്കുമ്പോള്‍, മോദിയുടെ മുന്‍ഗണന മാറിമറിയാം.
Source link