പാരീസ്/മുംബൈ: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിലേക്ക് എത്താന്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വേണ്ടി വന്നത് വെറും 16 മിനിറ്റിന്റെ ഗോദപ്പോരാട്ടം മാത്രം. 100 ഗ്രാം തൂക്കം അധികമുണ്ടെന്ന കണ്ടെത്തലോടെ വിനേഷ് ഫോഗട്ടിനെ ഫൈനലിനു മുമ്പ് അയോഗ്യയാക്കാന് പാരീസ് ഒളിമ്പിക്സ് ഗുസ്തി അധികാരികള്‍ക്കുവേണ്ടി വന്നത് വെറും 15 മിനിറ്റും. എന്നാല്‍, രാജ്യാന്തര സ്പോര്‍ട്സ് തര്‍ക്ക പരിഹാര കോടതിയില്‍ നല്കിയ അപ്പീലില്‍ വിധിക്കായുള്ള ഫോഗട്ടിന്റെ കാത്തിരിപ്പ് ആറാംദിനവും പിന്നിട്ടു… നീതിക്കായുള്ള ഫോഗട്ടിന്റെ ഗുസ്തി കോടതിക്കു മുന്നിലും അണയാത്ത തീയായി തുടരുന്നു. ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നലെ രാത്രി 9.30ന് വിധി പ്രസ്താവിക്കുമെന്ന തീരുമാനത്തില്‍നിന്ന് കോടതി പിന്നോട്ടുപോയി. വിധി പ്രസ്താവന 16ലേക്കു നീട്ടിവച്ചു. നിയമം നിയമത്തിന്റെ വഴിക്ക് എന്നുവച്ച് ആശ്വസിക്കാമെന്നാണെങ്കില് ഫോഗട്ടിനു മാത്രം ബാധകമായ ഒരു നിയമം പാരീസ് ഒളിമ്പിക്സില്‍ ആരാണ് നിര്‍മിച്ചത്? കാരണം, ഫൈനലില്‍ എത്തുന്നവര്‍ ക്വാര്‍ട്ടറില്‍ കീഴടക്കിയവരായിരിക്കണം റെപെഷെ റൗണ്ടില്‍ എത്താന്‍ എന്ന നിയമം സെയ്ന് നദിയിലെ കാറ്റില്‍ എങ്ങനെ പറന്നുപോയി? ഫൈനലില്‍ പ്രവേശിച്ചതിനാല്‍ വെള്ളി മെഡല്‍ പങ്കിടാന്‍ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്റെ നീതി തേടിയുള്ള അപ്പീലില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിക്ക് ഇന്നലെയും വിധി പ്രസ്താവിക്കാനായില്ല. ഹിയറിംഗ് മൂന്നു മണിക്കൂർ മൂന്നു മണിക്കൂറിൽ അധികം നീണ്ട ഹിയറിംഗായിരുന്നു വിനേഷ് ഫോഗട്ടിനുവേണ്ടി രാജ്യാന്തര സ്പോർട്സ് തർക്കപരിഹാര കോടതി നടത്തിയത്. വിനേഷ് ഫോഗട്ടിന്റെ ഭാഗം അവരുടെ അഭിഭാഷകർ കോടതിക്കു മുന്നിൽ കൃത്യമായി ധരിപ്പിച്ചു. വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ആദ്യദിനത്തിൽ നടന്ന മൂന്നു പോരാട്ടങ്ങളിലും വിനേഷ് ഫോഗട്ട് ആധികാരികമായി ജയിച്ചിരുന്നു. ലോക ഒന്നാം നന്പറും ടോക്കിയോ ഒളിന്പിക്സ് ജേതാവുമായ ജപ്പാന്റെ യുയി സുസാകിയെ (3-2) പ്രീക്വാർട്ടറിലും യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ (7-5) ക്വാർട്ടറിലും ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാനെ (5-0) സെമിയിലും കീഴടക്കിയാണ് ഫോഗട്ട് ഫൈനലിലെത്തിയത്. ഒളിന്പിക് ഗുസ്തിയിൽ ആദ്യദിനം സെമിവരെയുള്ള പോരാട്ടങ്ങളും രണ്ടാംദിനം റെപെഷെ, ഫൈനൽ മത്സരങ്ങളുമാണ് നടക്കുക. റെപെഷെ ജയിച്ചാൽ വെങ്കലവും ഫൈനലിൽ സ്വർണം വെള്ളിയും നിശ്ചയിക്കപ്പെടും. ആദ്യദിനം 49.9 കിലോഗ്രാമായിരുന്നു വിനേഷിന്റെ തൂക്കം. എന്നാൽ, പിറ്റേന്നു ഫൈനൽ പോരാട്ടത്തിനു മുന്‍പായി നടത്തിയ പരിശോധനയിൽ 50.1 കിലോഗ്രാമായി. ഇതോടെ അയോഗ്യത കൽപ്പിക്കുകയായിരുന്നു. സെമി ഫൈനൽ കഴിഞ്ഞപ്പോൾ 52.7 കിലോഗ്രാമിലേക്ക് വിനേഷിന്റെ തൂക്കം വർധിച്ചിരുന്നു. തുടർന്ന് രാത്രി ഉറക്കമിളച്ച് കഠിനാധ്വാനം ചെയ്തും മുടിവെട്ടിയും ആവിയിൽ കുളിച്ചും രക്തം കളഞ്ഞുമെല്ലാമായിരുന്നു തൂക്കം കുറച്ചത്. എന്നിട്ടും 100 ഗ്രാമിന്റെ അധികത്തിൽ ഫൈനലും ഉറപ്പായ മെഡലും നിഷേധിക്കപ്പെട്ടു.
സുസാകിക്ക് വെങ്കലം; അതെങ്ങനെ? പ്രീക്വാർട്ടറിൽ വിനേഷ് ഫോഗട്ട് കീഴടക്കിയ ജാപ്പനീസ് താരം യുയി സുസാക്കി, റെപെഷെ റൗണ്ടിലേക്ക് എത്തുകയും ക്വാർട്ടറിൽ വിനേഷ് കീഴടക്കിയ യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ കീഴടക്കി വെങ്കലം നേടുകയും ചെയ്തു. സെമിയിൽ ഫോഗട്ടിനോടു പരാജയപ്പെട്ട ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാൻ ഫൈനലിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെ നേരിട്ടു. ഫൈനലിൽ പരാജയപ്പെട്ടതോടെ യൂസ്നീരിസിനു വെള്ളി കിട്ടി. തൂക്കത്തിന്റെ പേരിൽ അയോഗ്യയാക്കിയതോടെ ഒളിന്പിക് നിയമമനുസരിച്ച് വിനേഷ് ഏറ്റവും പിന്നിലേക്കു തള്ളപ്പെട്ടതോടെയാണിതെല്ലാം. അതായത് വിനേഷ് പ്രീക്വാർട്ടറിൽ പുറത്തായതായാണ് കണക്കാക്കിയത്. അതോടെ വിനേഷ് കീഴടക്കിയവരെല്ലാം ഒരു പടി മുന്നിലേക്ക് ഓട്ടോമാറ്റിക്കായി കയറി. അങ്ങനെ സുസാകി ക്വാർട്ടറിൽ ലിവാച്ചിനോടു പരാജയപ്പെട്ടതായി കണക്കാക്കി. ലുവാച്ചി ഫൈനലിൽ പ്രവേശിച്ച സ്ഥിതിക്ക് സുസാകിക്ക് റെപെഷെ റൗണ്ട് യോഗ്യത ലഭിച്ചു. അവിടെ ജയിച്ച് വെങ്കലവും നേടി! ഇതും ഒളിന്പിക് നിയമത്തിന് എതിരാണെന്നാണ് വിനേഷ് ഫോഗട്ടിന്റെ വാദമുഖം. വാദിച്ചത് ഇങ്ങനെ ഒളിന്പിക് ഫൈനലിൽ എത്തിയ സ്ഥിതിക്ക് വെള്ളി മെഡൽ നൽകണമെന്നതായിരുന്നു വിനേഷ് ഫോഗട്ടിന്റെ ന്യായമായ ആവശ്യം. അതിനായി ഫോഗട്ടിന്റെ അഭിഭാഷകർ മുന്നോട്ടുവച്ചത് പ്രധാനമായും മൂന്നു വാദമുഖങ്ങളായിരുന്നു. 1. ഗുസ്തി നടന്ന വേദിയായ കാന്പ് ഡെ മാഴ്സ് അരീനയും താമസസ്ഥലമായ ഒളിന്പിക് വില്ലേജും തമ്മിലുള്ള അകലവും ആദ്യദിനത്തിലെ തുടർച്ചയായ മത്സരങ്ങളുമാണ് ഭാരം വർധിക്കാനുണ്ടായ പ്രധാന കാരണങ്ങൾ. 2. 100 ഗ്രാം അധികം തൂക്കമുണ്ടെന്നത് മത്സരത്തിൽ വിനേഷ് ഫോഗട്ടിന് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ലഭിക്കാൻ കാരണമാകില്ല. മാത്രമല്ല, ഗുസ്തിയിൽ റിക്കവറി പ്രോസസിൽ ഇതു സ്വാഭാവികം മാത്രമാണ്. 3. ഒളിന്പിക് നിയമമനുസരിച്ച് 100 ഗ്രാം അധികഭാരമുണ്ടെന്ന കാരണത്താൽ ഫോഗട്ടിനെ ഫൈനലിനു മുന്‍പ് അയോഗ്യയാക്കി. എങ്കിൽ, ജാപ്പനീസ് താരം യുയി സുസാക്കി ഏതു നിയമത്തിന്റെ പേരിലാണ് റെപെഷെ റൗണ്ടിലേക്ക് എത്തിയത്. ഫൈനലിസ്റ്റുകൾ ക്വാർട്ടറിൽ കീഴടക്കിയവർക്കാണ് റെപെഷെ റൗണ്ടിനു യോഗ്യത ലഭിക്കുക എന്നതാണ് ഒളിന്പിക് നിയമം. അങ്ങനെയെങ്കിൽ ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഫൈനലിലേക്കു മുന്നേറിയ ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാൻ ക്വാർട്ടറിൽ കീഴടക്കിയ ലിത്വാനിയയുടെ ഗബീജ ഡിലൈറ്റ് അല്ലായിരുന്നോ റെപെഷെയിൽ എത്തേണ്ടിയിരുന്നത്. റെപെഷെ: ഒളിന്പിക് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ചവർ ക്വാർട്ടറിലും സെമിയിലും കീഴടക്കിയ താരങ്ങൾ തമ്മിൽ നടക്കുന്ന വെങ്കല മെഡൽ പോരാട്ടമാണ് റെപെഷെ എന്ന് അറിയപ്പെടുന്നത്.
Source link