KERALAMLATEST NEWS

ചൂരൽമലയിൽ അതിതീവ്ര മഴ– താത്കാലിക പാലം തകർന്നു, ബെയ്ലിപാലം അടച്ചു 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ഒഴുക്കിൽപെട്ട പശുവിനെ രക്ഷിച്ചു

ചൂരൽമലയിൽ ബെയ്ലി പാലത്തിന് സമീപം പണിത താത്ക്കാലിക പാലം വെളളത്തിൽ മുങ്ങിയ നിലയിൽ

മേപ്പാടി: ഉരുൾപൊട്ടലിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ട വയനാട്ടിലെ ചൂരൽമല- മുണ്ടക്കൈ മേഖലകളിൽ ആശങ്കയായി വീണ്ടും അതിതീവ്ര മഴ. ഉരുൾപൊട്ടലിനുശേഷം ഇരുമേഖലകളെയും ബന്ധിപ്പിച്ച് ബെയ്ലിപാലത്തിനു സമീപം പുഴയ്ക്കു കുറുകേ സൈന്യം നിർമ്മിച്ച താത്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. ബെയ്ലിപാലം താത്കാലികമായി അടച്ചു.

ഇതിനു സമീപം പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച പശു കുത്തൊഴുക്കിൽ പെട്ടു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവിടെ അതിശക്ത മഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നിറുത്തിവച്ചു.

മുണ്ടക്കൈയ്ക്കടുത്ത് ചെമ്പ്രമലയടിവാരത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് 250ഓളം കുടുംബങ്ങളെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു. എരുമക്കൊല്ലി താഴെ 22,മേലെ 22,പുഴമൂല, എരുമക്കൊല്ലി ഡിവിഷൻ 2 പ്രദേശങ്ങളിലുള്ള കുടുംബങ്ങളെയാണ് മാറ്റിയത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീടുകളിലേക്ക് മടങ്ങരുതെന്ന് നിർദ്ദേശം നൽകി. താഴ്‌‌വാരത്തെ തോടുകളിൽ വെള്ളം ഉയർന്നു. രണ്ടു മണിക്കൂറിനിടെ 64 മില്ലി മീറ്റർ മഴയാണ് പെയ്തത്.

ഇന്നും നാളെയും
കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാദ്ധ്യത. തെക്കൻ ശ്രീലങ്കയ്ക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണിത്. ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരളതീരത്ത് മണിക്കൂറിൽ 55കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനിടയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഇന്നും നാളെയും

എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ട്.


Source link

Related Articles

Back to top button