ഉരുൾപൊട്ടൽ ദുരന്തം ; ഇന്നത്തെ തെരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും കണ്ടെത്തി

കല്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തൻപാറയ്ക്ക് സമീപത്തെ ആനടിക്കാപ്പിൽ നിന്നും രണ്ട് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ദുരന്തത്തിൽപെട്ടവരുടെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.

ഞായർ വൈകിട്ട് നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എൻ.ഡി.ആർ.എഫ് ,​ ഫയർഫോഴ്‌സ്,​ സിവിൽ ഡിഫൻസ്,​ പൊലീസ്,​ വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ദുഷ്‌കരമായ ഇടങ്ങളിൽ സർക്കാർ ഏജൻസികളും ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി എൻ എ പരിശോധന ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചയാളെ തിരിച്ചറിയുക.

അതേസമയം ഇന്നലെ കാന്തൻപാറ സൂചിപ്പാറ വെളളച്ചാട്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ മൂന്ന് ശരീരഭാഗങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്യാനായിരുന്നില്ല. ഒടുവിൽ സന്നദ്ധ പ്രവർത്തകർ ചുമന്ന് മൂന്ന് ശരീര ഭാഗങ്ങളും മേപ്പാടിയിലെത്തിച്ചു. ഇവ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘം ഉരുൾപൊട്ടൽ മേഖലയിൽ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങൾ ജനവാസയോഗ്യമാണോയെന്നതിൽ ശുപാർശ നൽകാനും അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും


Source link

Exit mobile version