വയനാടിന് സാന്ത്വനവുമായി ശിവഗിരി സന്യാസിമാർ

പുൽപ്പള്ളി: ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിൽ സാന്ത്വന സ്പർശവുമായി ശിവഗിരിമഠത്തിലെ സന്യാസിമാരെത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സ്വാമി വിശാലാനന്ദ,സ്വാമി അസംഗാനന്ദ, സ്വാമി ദിവ്യാനന്ദഗിരി,സ്വാമിനി മാതാ നാരായണ ചൈതന്യമയി എന്നിവരാണ് ചൂരൽ മലയിലെ ദുരന്ത മേഖലകളിലേക്ക് ആശ്വാസവും കൈത്താങ്ങുമായി എത്തിയത്.

മന്ത്രിമാരായ കെ. രാജൻ, ഒ .ആർ .കേളു, സജി ചെറിയാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവരുമായി സന്യാസിസംഘം കൂടിക്കാഴ്ച നടത്തി.

സർക്കാരുമായി ആലോചിച്ച് വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് സന്യാസിമാർ ഉറപ്പു നൽകി. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്കും അതിജീവിതരായി വിവിധ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവർക്കുമായി സ്വാമിമാരുടെ നേതൃത്വത്തിൽ വിശേഷാൽ പ്രാർത്ഥന യോഗവും കൽപ്പറ്റയിൽ നടന്നു. കബനി നദിക്കരയിൽ കനത്ത മഴയിൽ ദുരിതമനുഭവിച്ചവരെയും സന്യാസിമാർ സന്ദർശിച്ചു.

ഗുരുധർമ്മപ്രചാരണ സഭ രജിസ്ട്രാർ കെ.ടി സുകുമാരൻ അടിമാലി, യുവജന സഭ കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ ,സഭ ജോയിന്റ് രജിസ്ട്രാർ സുരേന്ദ്ര ബാബു, ജില്ലാ പ്രസിഡന്റ് കെ.ആർ ജയരാജ് സെക്രട്ടറി സുരേഷ് ബാബു കോൺഗ്രസ് – എസ് ജില്ലാ പ്രസിഡന്റ് കെ.പി ശശികുമാർ മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ അഡ്വ. പി ചാത്തുക്കുട്ടി മാതൃസഭ ജില്ലാ പ്രസിഡന്റ് സുഭദ്ര രാജൻ, സെക്രട്ടറി നിഷ പ്ലാന്താനം യുവജനസഭ ജില്ലാ പ്രസിഡന്റ് എം.ആർ അജികുമാർ സെക്രട്ടറി എം.വി ബാബു, സംസ്ഥാന നേതാക്കളായ അഡ്വ.സുബിൻ പി ദാസ്,അമൽനാഥ് ഗാന്ധിഭവൻ, ദിലീപ് പനയറ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Source link
Exit mobile version