CINEMA

‘ഞാൻ സിംഗിൾ അല്ല, ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം കാണും’: കീർത്തി സുരേഷ്


കരിയറിൽ പരാജയമായ സിനിമയാണ് പിന്നീട് വലിയ വഴിത്തിരിവ് സമ്മാനിച്ചതെന്നു വെളിപ്പെടുത്തി കീർത്തി സുരേഷ്. പ്രഭു സോളമൻ സംവിധാനം ചെയ്ത ‘തൊടരി’ എന്ന ചിത്രത്തെ പരാമർശിച്ചായിരുന്നു കീർത്തിയുടെ തുറന്നു പറച്ചിൽ. ‘തൊടരി’യിലെ ഗാനരംഗം കണ്ടാണ് സംവിധായകൻ നാഗ് അശ്വിൻ തന്നെ മഹാനടിയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് കീർത്തി സുരേഷ് പറഞ്ഞു. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തിക്കു ലഭിച്ചിരുന്നു. പ്രഫഷനൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും സന്തോഷവതിയാണെന്നു തുറന്നു പറഞ്ഞ കീർത്തി താൻ സിംഗിൾ അല്ലെന്നും വ്യക്തമാക്കി.  ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. 
ആദ്യം നിരസിച്ച സിനിമ 

കീർത്തി സുരേഷിന്റെ വാക്കുകൾ: “മഹാനടിയിൽ അഭിനയിക്കാൻ നാഗ് അശ്വിൻ എന്നെ സമീപിച്ചപ്പോൾ ആദ്യം ഞാൻ നിരസിച്ചു. ഞാൻ ‘നോ’ പറഞ്ഞപ്പോൾ നിർമാതാക്കൾ ശരിക്കും ഞെട്ടിപ്പോയി. ഇത്ര വലിയ സ്ക്രിപ്റ്റ് ആയിട്ടും എന്തിനാണ് ഞാൻ നിരസിക്കുന്നത് എന്നായിരുന്നു അവരുടെ ചിന്ത. ഭയം കൊണ്ടാണ് ഞാൻ ആദ്യം ആ വേഷം വേണ്ടെന്നു പറഞ്ഞത്. അല്ലാതെ അതു ചെയ്യാൻ താൽപര്യം ഇല്ലാത്തതുകൊണ്ടല്ല. വലിയൊരു അഭിനേത്രിയെക്കുറിച്ചുള്ള ബയോപിക് ഞാൻ അഭിനയിച്ചു കുളമാക്കിയെന്നു കേൾക്കേണ്ടി വരുമോ എന്ന് ഭയന്നു. പക്ഷേ, നാഗി എന്നെ വിട്ടില്ല. അദ്ദേഹത്തിന് ആ വേഷത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിനായിരുന്നു പൂർണ ആത്മവിശ്വാസം.” 

കീർത്തി സുരേഷ്

വഴിത്തിരിവ് ആയ തൊടരിയിലെ പാട്ടുരംഗം
മഹാനടി ചെയ്യുന്ന സമയത്തൊക്കെ എന്തുകൊണ്ട് എന്നെ ഈ വേഷത്തിന് തിരഞ്ഞെടുത്തു എന്ന ചോദ്യം ഞാൻ ഉന്നയിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മറുപടി ആയിരുന്നു രസകരം. ‘തൊടരി’ എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. അതിൽ ധനുഷ് സാറിനൊപ്പം ട്രെയിനിനു മുകളിൽ നിന്നൊരു പാട്ടുണ്ട്. ആ പാട്ടിലെ ഒരു ക്ലോസ് അപ്പ് ഷോട്ടിൽ എന്നെ കണ്ണു കണ്ടപ്പോഴാണ് അദ്ദേഹത്തിന് കണക്ട് ആയത്. സത്യത്തിൽ അദ്ദേഹം ആ സിനിമ കണ്ടിട്ടില്ല. ബോക്സ്ഓഫിസിൽ അധികം വർക്ക് ആകാതെ പോയ സിനിമയാണ് ‘തൊടരി’.

ട്രോളുകളിൽ നിന്ന് കയ്യടിയിലേക്ക് 

എനിക്ക് ധാരാളം ട്രോളുകൾ കിട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പക്ഷേ, എനിക്ക് ട്രോളുകൾ വാങ്ങിത്തന്ന ആ സിനിമയാണ് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയിലേക്ക് എന്നെ നയിച്ചത്. ആ പടം കണ്ടാണ് നാഗി എന്നെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട്, എനിക്കാരെയും കുറ്റപ്പെടുത്താൻ കഴിയില്ല. സംവിധായകൻ പ്രഭു സോളമൻ സാറിനോട് ഒരുപാടു നന്ദിയുണ്ട്. എല്ലാ കാര്യങ്ങളിൽ നിന്നും എന്തെങ്കിലും ഒരു നന്മയുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എത്ര മോശമായ സംഗതി ആയിക്കൊള്ളട്ടെ! അതിൽ നിന്നും എന്തെങ്കിലും നല്ലത് ഉണ്ടാകും. ഞാൻ അതിനാണ് ശ്രമിക്കാറുള്ളത്. ഒരു സമയത്ത് തെന്നിന്ത്യയിൽ ഏറ്റവും ട്രോൾ ചെയ്യപ്പെട്ട നായിക ആയിരുന്നു ഞാൻ. പക്ഷേ, മഹാനടിക്കു ശേഷം അതു നിന്നു. 

തിരുത്തേണ്ടത് തിരുത്തും
ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാര്യം കാണും. ശരിക്കും എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുള്ള കാര്യത്തിനാകും ട്രോളുകൾ കിട്ടുന്നത്. അത്തരം തിരുത്തലുകളിലൂടെ ഞാൻ അൽപം കൂടി മികച്ചതാവുമെങ്കിൽ ആ ട്രോളുകൾ നല്ലതാണ്. അതൊരു തരത്തിലുള്ള നിരൂപണമാണ്. അതുകൊണ്ട് അതൊരു പ്രശ്നമല്ല. മറ്റൊരു തരത്തിലുള്ള ട്രോളുകളുണ്ട്. വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി മാത്രം ചിലർ ചെയ്യുന്നത്. അവ ഞാൻ അവഗണിക്കുകയാണ് പതിവ്. ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകും. എല്ലാവരെയും നമുക്ക് സന്തോഷിപ്പിക്കാൻ കഴിയില്ലല്ലോ. അതുപോലെ, എല്ലാവരും നമ്മെ സ്നേഹിക്കണം എന്നുമില്ലല്ലോ.

Image Credits: Instagram/keerthysureshofficial

പരാജയങ്ങൾ നിരാശപ്പെടുത്തും

മൂന്നു വർഷം മുൻപ് ഒരുപാട് പരാജയങ്ങൾ എനിക്കു നേരിടേണ്ടി വന്നു. അതെന്നെ ഏറെ നിരാശപ്പെടുത്തി. എനിക്കൊരു പപ്പിയുണ്ട്, നൈക്കി. അവനായിരുന്നു എന്റെ സ്ട്രെസ്ബസ്റ്റർ. അവനെ കാണുമ്പൾ ഞാനെല്ലാം മറക്കും. ആ സമയത്ത് അങ്ങനെയായിരുന്നു. അത് അങ്ങനെയേ പ്രകടിപ്പിക്കാൻ പറ്റുമായിരുന്നുള്ളൂ. അങ്ങനെയുള്ള സമയത്ത് ഞാൻ ചെന്നൈയിലെ എന്റെ വീട്ടിൽ തന്നെയായിരിക്കും. സന്തോഷമായാലും സങ്കടമായാലും ഞാൻ ചെല്ലുന്ന ഇടം എന്റെ വീട് തന്നെയാണ്. അവിടെ പോയി വെറുതെ ഇരിക്കും. സ്ട്രെസ് വന്നാൽ ഞാൻ നന്നായി ഭക്ഷണം കഴിക്കും. സ്ട്രെസ് ഈറ്റിങ് ശീലമുള്ള ആളാണ് ഞാൻ. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിച്ച് അവിടെയിരിക്കും. ടിവി കാണും. നൈക്കിയെ കളിപ്പിക്കും. അങ്ങനെ നാലു ദിവസം ഇരുന്നാൽ, ഞാൻ ഓകെ ആകും. അതു കഴിഞ്ഞാൽ എനിക്കു ബോറടിക്കും. അപ്പോൾ ഞാൻ പുറത്തിറങ്ങും. അങ്ങനെയൊരു സമയത്തിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. പക്ഷേ, അത് ജീവിതത്തിലെ ഒരു ഘട്ടമാണെന്നും അതിനൊരു അവസാനമുണ്ടെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ട്. 

കൽക്കിയിൽ ആദ്യം സമീപിച്ചത് മറ്റൊരു വേഷത്തിന്
എന്റെ ശബ്ദം എനിക്ക് ഇഷ്ടമല്ല. പത്തു വർഷം മുൻപ് എന്റെ ശബ്ദം നല്ല ബോറായിരുന്നുവെന്ന് സുഹൃത്തുക്കളും പറയാറുണ്ട്. ഇപ്പോൾ കുറച്ചു ഭേദപ്പെട്ടു. ഈയടുത്ത് ചിലരൊക്കെ എന്റെ ശബ്ദം നല്ലതാണെന്നൊക്കെ അഭിപ്രായപ്പെട്ടു കാണുമ്പോൾ എനിക്ക് അദ്ഭുതമാണ്. തമിഴിൽ എല്ലാ ചിത്രങ്ങൾക്കും ഡബ് ചെയ്തത് ഞാൻ തന്നെയാണ്. തെലുങ്കിലും മലയാളത്തിലും തുടക്കത്തിലെ ചില ചിത്രങ്ങൾ വേറെ ആളുകളാണ് ഡബ് ചെയ്തത്. പരസ്യത്തിലും ഞാൻ തന്നെ ഡബ് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. ബോളിവുഡിലൊക്കെ പരസ്യമായാലും അവർ തന്നെയാണ് ശബ്ദം കൊടുക്കുന്നത്. പ്രധാനമായും അവർ സിങ്ക് സൗണ്ടിലാണ് വർക്ക് ചെയ്യുന്നത്. 
എത്ര മോശം ശബ്ദം ആയാലും നാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സ്വന്തം ശബ്ദത്തിനേക്കാൾ മികച്ച മറ്റൊന്ന് ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ആ ഒറിജിനാലിറ്റി സ്വന്തം ശബ്ദത്തിനെ ലഭിക്കൂ. ശബ്ദം നിങ്ങളുടെ ഐഡന്റിറ്റിയാണ്. കൽക്കിയിൽ ബുജ്ജി എന്ന കഥാപാത്രത്തിന് ഞാൻ ശബ്ദം നൽകിയിരുന്നു. മറ്റൊരു കഥാപാത്രവുമായാണ് നാഗി എന്നെ സമീപിച്ചത്. ആ വേഷം എനിക്ക് ക്ലിക്ക് ആയില്ല. വേറെന്തെങ്കിലും ചെയ്താലോ എന്നായി ആലോചന. പിന്നെയാണ് ബുജ്ജി സംഭവിച്ചത്. ഒരു എഐ ബോട്ടിന്റെ കഥാപാത്രമുണ്ട്, അതിനു ശബ്ദം കൊടുക്കാമോ എന്നു ചോദിച്ച് നാഗി എന്നെ വിളിച്ചു. ഞാൻ ഉടനെ സമ്മതിച്ചു. 

സിംഗിൾ അല്ല
ഞാൻ സിംഗിൾ ആണെന്നു പറഞ്ഞിട്ടില്ലല്ലോ. വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ്. എപ്പോൾ കല്യാണമെന്നു ചോദിക്കുന്നവരിൽ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കും. ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ചിന്തിക്കാറില്ല. എന്നോടു ചോദിക്കുന്നവരോട് ഞാൻ അതുമിതും പറഞ്ഞ് ഒഴിവാക്കും. അടുത്ത വർഷം ഉണ്ടാകുമെന്നോ അല്ലെങ്കിൽ അൽപം കഴിയട്ടെ എന്നൊക്കെയാകും മറുപടികൾ. ആഴത്തിൽ സ്നേഹിക്കുന്ന പരസ്പരം മനസിലാക്കുന്ന രണ്ടു സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു ബന്ധത്തെ ഞാൻ കാണുന്നത്.


Source link

Related Articles

Back to top button