പത്തനംതിട്ട : ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ 46 ലക്ഷം രൂപ കവർന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശി നവേന്ദ്ര സിംഗ് കുഷ്വാഹ (39) നെ ഭോപ്പാലിൽ നിന്ന് ആറൻമുള പൊലീസ് പിടികൂടി. കോഴഞ്ചേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.
ടെലഗ്രാം ആപ്ലിക്കേഷനിലൂടെ ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട യുവാവ്, തട്ടിപ്പുകാർ നൽകിയ ലിങ്കിലൂടെ ഗ്രൂപ്പിൽ അംഗമാവുകയായിരുന്നു. കഴിഞ്ഞവർഷം ജൂലായ് 8 മുതൽ ഡിസംബർ 16 വരെ പലതവണകളായി 23ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് യുവാവ് നിക്ഷേപിച്ചു. തുക പിൻവലിക്കണമെന്നവശ്യപ്പെട്ട യുവാവിനോട് പ്രോസസിംഗ് ചാർജ്, ഒ.ടി.പി ചാർജ്, ഡെലിവറി ചാർജ്, ടാക്സ് എന്നിങ്ങനെ വിവിധതരത്തിൽ 23 ലക്ഷം രൂപ കൂടി ഇവർ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ് മാർച്ച് 5ന് പൊലീസിൽ പരാതി നൽകി. പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
Source link