തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ – Ramayanam | Astrology News | Manoramaonline
തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ
എം.കെ.വിനോദ് കുമാർ
Published: August 13 , 2024 10:28 AM IST
1 minute Read
രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്.
കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ. രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച സാഹചര്യം വിശദമാക്കി വിഭീഷണൻ. നീ ധന്യനാണെന്നാണ് കുംഭകർണന്റെ മറുപടി. ജ്യേഷ്ഠനെയോർത്ത് ദുഃഖമുണ്ട് വിഭീഷണന്.
അരക്ഷണംകൊണ്ട് പത്തുനൂറായിരം വാനരരെ വധിച്ചാണ് കുംഭകർണൻ യുദ്ധം തുടങ്ങുന്നത്. ശൂലമേറ്റ് മോഹാലസ്യപ്പെട്ട സുഗ്രീവൻ, ഉണരുമ്പോൾ കുംഭകർണന്റെ തോളിലാണ്. പല്ലും നഖവും ഉപയോഗിച്ച് അയാളുടെ മൂക്കും ചെവികളും മുറിച്ചുവീഴ്ത്തി അന്തരീക്ഷത്തിലൂടെ പായുന്നു സുഗ്രീവൻ. കൂടുതൽ ക്രോധത്തോടെ ആഞ്ഞടുത്ത കുംഭകർണൻ രാമബാണങ്ങളേറ്റു വീണു. തല നഗരവാതിലിലും ഉടൽ കടലിലുമാണ് ചെന്നുപതിച്ചത്. സഹോദരന്റെ മരണവൃത്താന്തമറിഞ്ഞ് ഒരു നിമിഷം മോഹാലസ്യപ്പെട്ടുപോകുന്നു രാവണൻ. രാക്ഷസരുടെ വൻപടയും വാനരപ്പടയുമായി ഘോരയുദ്ധമാണ് തുടർന്ന്. എങ്ങും ചോരപ്പുഴ. രാക്ഷസപ്പടയെ നയിക്കുന്ന അതികായനെ ബ്രഹ്മാസ്ത്രത്താൽ ഇല്ലാതാക്കി ലക്ഷ്മണൻ.
ഉറ്റവരെല്ലാം മരിച്ചുവീഴുന്നതിൽ ദുഃഖിതനായ പിതാവിനെ ഇന്ദ്രജിത്ത് ആശ്വസിപ്പിക്കുന്നു. പട നയിച്ചെത്തുമ്പോൾ തന്റെ പക്ഷത്തുണ്ടാകുന്ന ആൾനാശത്തിൽ ആശങ്കാകുലനാണ് രാവണപുത്രൻ. മന്ത്രത്താൽ അപ്രത്യക്ഷനായി നിന്ന് ബ്രഹ്മാസ്ത്രപ്രയോഗം നടത്തുകയാണയാൾ. അസ്ത്രസഞ്ചയമേറ്റ് വാനരപ്പട മാത്രമല്ല രാമലക്ഷ്മണന്മാരും വീണുപോകുന്നു. ദേവസമൂഹം ദുഃഖത്തിലാണ്ടു.യുദ്ധതന്ത്രാനുസരണം പോർക്കളത്തിൽനിന്നു മാറിനിൽക്കുകയായിരുന്ന വിഭീഷണൻ, ജീവനുള്ളവരെത്തിരഞ്ഞെത്തുമ്പോൾ യുദ്ധഭൂമിയിൽ ഒറ്റയ്ക്കു നടക്കുന്ന ഹനുമാനെയാണു കാണുന്നത്. ചോര മൂടി കണ്ണുതുറക്കാനാവാത്ത ജാംബവാന്റെയരികിലെത്തി വിഭീഷണൻ തന്റെ സാന്നിധ്യം അറിയിക്കുമ്പോൾ, ഹനുമാൻ ജീവനോടെയുണ്ടോ എന്നാണ് ജാംബവാന്റെ ചോദ്യം. എങ്കിൽ എല്ലാം ശരിയാകും. താൻ അരികിലുണ്ടെന്ന് ഹനുമാൻ കാൽക്കൽ വീഴുന്നു.
English Summary:
Kumbhakarna Joins Ravana’s Battle After Awakening from Deep Sleep
30fc1d2hfjh5vdns5f4k730mkn-list mo-religion-karkidakam vinodkumar-m-k mo-religion-ramayana-month-2024 51on2tdjb0fefqpk6kttgvarpo 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-ramayana-masam-2024 mo-religion-karkidaka-masam-2024
Source link