ഫഹദിന്റെ തോളിൽ കൈയിട്ട് അമിതാഭ് ബച്ചനും രജനികാന്തും; പിറന്നാൾ ആശംസകളുമായി ‘വേട്ടൈയ്യൻ’ ടീം
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് ‘വേട്ടൈയ്യൻ ‘ ടീം. ഫഹദിനൊപ്പം സൂപ്പർ സ്റ്റാർ രജനികാന്തും ബിഗ് ബി അമിതാഭ് ബച്ചനും നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസാണ് വേട്ടൈയ്യന്റെ സെറ്റിൽ നിന്നുള്ള ചിത്രം പുറത്തുവിട്ടത്.
‘ഞങ്ങളുടെ ബർത്‌ഡേ ബോയ് ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകൾക്കൊപ്പം, വേട്ടൈയ്യൻ സെറ്റിൽ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ടിജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയ്യൻ. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്ഷൻ എന്റർടെയ്‌നറായിരിക്കും വേട്ടൈയ്യൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. രജനികാന്തിന്റെ 170-ാം ചിത്രം കൂടിയാണിത്. സംഗീത സംവിധായകൻ – അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ – എസ്‌ആർ കതിർ, എഡിറ്റർ – ഫിലോമിൻ രാജ്. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണിത്. 1991ൽ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
Source link