പരിസ്ഥിതി ഓഡിറ്റിംഗ് വേണം: ഹൈക്കോടതി

കൊച്ചി: പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കേസിൽ കോടതിയെ സഹായിക്കാൻ അഡ്വ. രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും കോടതി വിഷയം പരിഗണിക്കും. സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് സമയംതേടി.

വികസന പദ്ധതികൾ പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായി പഠിക്കേണ്ടതുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജിയോമാപ്പിംഗ് ഉൾപ്പെടെ വിശദമായ പഠനമാണ് വേണ്ടത്. സർക്കാരിന്റെ നയരൂപീകരണത്തിനടക്കം അത് സഹായകമാകും. നിർമ്മാണം അനുവദിക്കാവുന്നതും അല്ലാത്തതുമായ മേഖലകൾ വ്യക്തമായി നിശ്ചയിക്കാനും സാധിക്കണം. ഇക്കാര്യങ്ങളിൽ സമഗ്ര റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി.


Source link

Exit mobile version