KERALAMLATEST NEWS

മാലിന്യം തള്ളലിനെതിരെ ഹൈക്കോടതി: പിടിച്ച വാഹനം വിടാൻ ബാങ്ക് ഗാരന്റി വേണം

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകാൻ ബാങ്ക് ഗാരന്റിയും ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. തെറ്റ് ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥകൾ കർശനമാക്കണമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളിയതിന് കുന്നംകുളം പൊലീസ് പിടിച്ചെടുത്ത വാഹനം താത്കാലികമായി വിട്ടുകിട്ടാൻ ഉടമയായ എം.എ. സുഹൈൽ രണ്ടു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയടക്കം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

മാലിന്യം തള്ളിയതിന് പിടിച്ചെടുത്ത വാഹനങ്ങൾ ഇടക്കാലത്തേക്കു വിട്ടു നൽകാൻ ഹൈക്കോടതിയുടെ അനുമതി നേടണമെന്ന് നേരത്തേ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. വനം നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ വിട്ടുനൽകാൻ ഉടമ ബാങ്ക് ഗാരന്റിയടക്കം സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. വിചാരണ ബാക്കിനിൽക്കെ വാഹനം ദീർഘനാൾ പിടിച്ചുവയ്ക്കുന്നത് നശിച്ചുപോകാൻ ഇടയാക്കുമെന്ന കാര്യവും സുപ്രീംകോടതി ഓർമ്മിപ്പിച്ചിട്ടുണ്ട്. അതിനാൽ വാഹനം വ്യവസ്ഥകളോടെ വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി.

ഹർജിക്കാരൻ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയുടെ രണ്ട് ജാമ്യവും രണ്ടു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റിയും മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം. കുറ്റകൃത്യം ആവർത്തിക്കില്ലെന്ന ഉറപ്പും നൽകണം. വിചാരണ തീരുംവരെ വാഹന കൈമാറ്റം പാടില്ലെന്നും കണ്ടുകെട്ടേണ്ടി വന്നാൽ സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.


Source link

Related Articles

Back to top button