ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ ഒന്നാംപ്രതിയും പന്തീരാങ്കാവ് സ്വദേശിയുമായ രാഹുൽ.പി ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസുള്ളതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു.
കേരള പൊലീസിന്റെ നിർദ്ദേശ പ്രകാരം രാഹുലിനെ പിന്നീട് വിട്ടയച്ചു. ജർമ്മനിയിൽ ഒളിവിലായിരുന്ന രാഹുൽ
ആഗസ്റ്റ് 14-ന് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഇയാൾ തിരിച്ചെത്തിയത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാഹുലിനെ അറസ്റ്റ് ചെയ്യില്ലെന്നും കോടതി നിർദ്ദേശപ്രകാരം നിയമനടപടി തുടരുമെന്നും കേസന്വേഷിക്കുന്ന ഫറോക്ക് പൊലീസ് അറിയിച്ചു.
കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി കുറ്റങ്ങൾ ചുമത്തിയ കേസിൽ രാഹുൽ ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികൾ. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവിൽ പൊലീസ് ഓഫീസർ ശരത് ലാൽ അഞ്ചാം പ്രതിയുമാണ്. കേസെടുത്തതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. കേസിൽ കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലിസ് കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. അതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാൻ രാഹുൽ ഹർജി സമർപ്പിച്ചത്. പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതി ഭർത്താവായ രാഹുലിനെതിരെ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുൽ കഴുത്തിൽ വയർ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദ്ദിച്ചെന്നുമായിരുന്നു പരാതി. പരാതിയെ തുടർന്ന് മേയ് 12 ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെ രാഹുൽ വിദേശത്തേക്ക് കടക്കുകയും ചെയ്തു. സംഭവം നടന്ന് ഒരുമാസം തികയും മുമ്പെ പരാതിക്കാരി താൻ നേരത്തെ ഉന്നയിച്ച പരാതിയിൽനിന്ന് പിന്മാറി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.
Source link