അണഞ്ഞതു കാലിക്കട്ടിന്റെ വിജയശില്പി

സെബി മാളിയേക്കൽ 1977, തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കാലിക്കട്ട് പൈലറ്റ് മീറ്റ് നടക്കുകയാണ്. താൻ പരിശീലിപ്പിച്ച കുട്ടികളെ പിന്തള്ളി താടിവച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ മുന്നേറുന്നു. പക്ഷേ, ജയിക്കാൻ നാലു റൗണ്ട് ശേഷിക്കേ ആ ചെറുപ്പക്കാരൻ തലചുറ്റിവീണു. വെളുത്ത ജഴ്സിയിൽ ചുവന്ന മണ്ണുപുരണ്ട് വീണുകിടക്കുന്ന ആ ചെറുപ്പക്കാരനെ ഏറ്റെടുത്ത് അടുത്തവർഷം ഉജ്ജയിനിൽ നടന്ന അന്തർസർവകലാശാലാ മീറ്റിൽ നടത്തത്തിൽ മെഡൽജേതാവാക്കി. ആ ദ്രോണാചാര്യനാണ് ഇന്നലെ അന്തരിച്ച ഡോ. എസ്.എസ്. കൈമൾ. ആ ചെറുപ്പക്കാരനാണ് പിന്നീട് പോലീസ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായ പി.എസ്. സക്കറിയ. മൂന്നു ദശാബ്ദക്കാലം കാലിക്കട്ട് വാഴ്സിറ്റി അത്ലറ്റിക്സ് കോച്ചായിരുന്ന കൈമൾ പി.ടി. ഉഷ, മേഴ്സി കുട്ടൻ, എം.ഡി. വത്സമ്മ , അഞ്ജു ബോബി ജോർജ് തുടങ്ങിയ രാജ്യാന്തര അത്ലറ്റുകളെ ഇന്ത്യക്കായി സംഭാവന ചെയ്യുന്നതിൽ നിസ്തുല പങ്കുവഹിച്ചു. 1970 ലാണ് കെ.എൻ. ശിവശങ്കര കൈമൾ കാലിക്കട്ട് വാഴ്സിറ്റിയുടെ കോച്ചാകുന്നത്. യൂണിവേഴ്സിറ്റി ആരംഭിച്ച ആറാംവർഷത്തിൽത്തന്നെ 1974 ഡിസംബർ 31ന് പുതുവത്സരസമ്മാനമായി അന്തർസർവകലാശാലാ പുരുഷകിരീടം അദ്ദേഹം കാലിക്കട്ടിനു സമ്മാനിച്ചു. അടുത്തദിവസം നടന്ന ഔദ്യോഗികവിരുന്നിൽ അവഗണിക്കപ്പെട്ട കൈമൾ, ഇനിയൊരിക്കൽകൂടി കാലിക്കട്ടിനെ അന്തർസർവകലാശാല കിരീടമണിയിക്കാതെ താടിവടിക്കില്ലെന്നു ശപഥം ചെയ്തു. രണ്ടു ദശകത്തിനുശേഷം 1994 മാർച്ച് ഏഴിനു കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽവച്ച് വീണ്ടും കാലിക്കട്ടിനെ അന്തർസർവകലാശാലാ കിരീടം അണിയിച്ചു. ഒപ്പം വാഴ്സിറ്റി മീറ്റിൽ ആദ്യമായി നിർണയിക്കപ്പെട്ട ‘ദ വീക്ക്’എവർറോളിംഗ് കിരീടവും. അപ്പോഴേക്കും ഡോ. എസ്.എസ്. കൈമളുടെ ഐഡന്റിറ്റിയായി താടി മാറിയിരുന്നു. അതിനാൽതന്നെ അതു വടിച്ചില്ല. വിട പറയുന്പോഴും അതൊപ്പമുണ്ട്. പിന്നീട് പലതവണ കാലിക്കട്ടിനെ കൈമൾ വിജയകിരീടമണിയിച്ചു. കുട്ടികൾക്കായി അദ്ദേഹം അധികാരികളോടു പടവെട്ടി. എപ്പോഴും തന്റെ ശിഷ്യരോടൊപ്പം നിന്നു; അവരെ ചേർത്തുപിടിച്ചു. വിജയപീഠത്തിലേക്കാനയിച്ചു. തന്റെ പ്രിയശിഷ്യരിൽ മുൻമന്ത്രിയായിരുന്ന വിടപറഞ്ഞ പി.കെ. വേലായുധനും എം.ആർ. ഇൻഫന്റും കേന്ദ്ര സഹമന്ത്രിയായിരുന്ന വി. മുരളീധരനും ഉൾപ്പെടെയുള്ളവരുണ്ടെന്നു പലർക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2003ൽ കാലിക്കട്ടിൽനിന്നും വിരമിച്ചെങ്കിലും പരിശീലനമേഖലയിൽ അടുത്തകാലംവരെ സജീവമായിരുന്നു.
അപചയങ്ങളിൽ വേദനയോടെ… ശതാഭിഷേകനിറവിലും മനസിലും ചിന്തയിലും വാക്കിലും എല്ലാം സ്പോർട്സ് ആയിരുന്നു കൈമൾ സാറിന്. ഒളിന്പിക്സ് തുടങ്ങുന്നതിനു ദിവസങ്ങൾക്കുമുൻപ് ദീപികയ്ക്കായി നടത്തിയ അഭിമുഖത്തിൽ ഇന്ത്യൻ ഒളിന്പിക്സ് രംഗത്തെ അപചയത്തെക്കുറിച്ച് അദ്ദേഹം വേദനയോടെ പങ്കുവച്ചു. 1948ലെ ലണ്ടൻ ഒളിന്പിക്സിൽ ട്രിപ്പിൾ ജംപ് മത്സരത്തിൽ ഹെൻറി റെബല്ലോയ്ക്കു മെഡൽ നഷ്ടമായതിനെച്ചൊല്ലിപ്പോലും അദ്ദേഹം വാചാലനായി. ഇന്ത്യയെ കോളനിയാക്കിയ ഇംഗ്ലണ്ടിന്റെ ആസൂത്രിതമായ ചതിയായിരുന്നു അതെന്ന് ഇന്നും താൻ സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രാക് സ്യൂട്ട് അഴിച്ചുകഴിഞ്ഞ് അതിശൈത്യവും കാറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നാൽ മസിലുകൾ വലിഞ്ഞുമുറുകുമെന്നു പരിശീലനരംഗത്തുള്ള ആർക്കാണ് അറിയാത്തതെന്നു ക്ഷുഭിതനായാണ് കൈമൾ ചോദിച്ചത്. കൗമാരം വിട്ടുമാറാത്ത ആ പത്തൊന്പതുകാരനെ അതു പറഞ്ഞുകൊടുത്ത് ട്രാക്സ്യൂട്ട് ധരിപ്പിക്കാനും വാം അപ്പ് ചെയ്യിപ്പിക്കാനും ഇന്ത്യൻ ഒഫീഷലുകൾ തയാറാവാത്തതിനാൽ ഇന്ത്യക്കു നഷ്ടമായത് വലിയൊരു ഒളിന്പിക്സ് മെഡൽ ആണെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു. 2004ലെ ഏഥൻസ് ഒളിന്പിക്സിൽ അഞ്ജു ബോബി ജോർജ് ആദ്യചാട്ടത്തിൽത്തന്നെ 6.83 മീറ്റർ ചാടി. തന്റെ ബെസ്റ്റ് പെർഫോമൻസിനെക്കാൾ ഒന്പത് സെന്റിമീറ്ററധികം ചാടിയിട്ടും ബാക്കിയുള്ള അഞ്ചു ചാട്ടങ്ങളിൽ ‘ഡു ഓർ ഡൈ’എന്ന ഉത്കൃഷ്ടമത്സരതന്ത്രം പയറ്റാമെന്നുള്ള വൈകാരിക അനുകൂലാവസ്ഥയിൽ അതു സാധ്യമാകാഞ്ഞതിനുപിന്നിലെ കാരണം പഠനഗവേഷണ വിഷയമാക്കണമെന്നും ഡോ. കൈമൾ അഭിപ്രായപ്പെട്ടിരുന്നു. ദുഃഖകരവും കുറ്റകരവുമായ ഉദാസീനതയെ ഭേദിക്കാൻ കേന്ദ്രമന്ത്രാലയം മുന്നോട്ടുവന്നാലേ ഇന്ത്യൻ കായികരംഗം, പ്രത്യേകിച്ച് അത്ലറ്റിക്സ് രക്ഷപ്പെടൂ എന്നു വികാരാധീനനായ കായികഗുരുവാണ് യാത്രയായത്.
Source link