ഇന്ത്യൻ നഷ്ടം…
2024 പാരീസ് ഒളിന്പിക്സിൽ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ ആറു മെഡലുകളാണ് ഇന്ത്യക്കു ലഭിച്ചത്. എന്നാൽ, നേരിയ വ്യത്യാസത്തിൽ പോഡിയത്തിൽ സ്ഥാനം പിടിക്കാനാവാതെപോയവരുമുണ്ട്. പാരീസിൽ ഇന്ത്യക്കു ചെറിയ വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെട്ടത് ഇങ്ങനെ… ധീരജ് ബൊമ്മദേവര-അങ്കിത ഭകത് മിക്സഡ് ടീം അന്പെയ്ത്തിൽ ധീരജ്-അങ്കിത സഖ്യം ഇന്ത്യക്കായി ഒളിന്പിക്സിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ സമ്മാനിക്കുന്നതിന്റെ വക്കിലെത്തിയതാണ്. എന്നാൽ, വെങ്കലമെഡൽ പോരാട്ടത്തിൽ യുഎസ് ടീമിനോട് 6-2ന് തോറ്റ് നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അനന്ത്ജീത് സിംഗ്-മഹേശ്വരി ചൗഹാൻ അനന്തും മഹേശ്വരിയും സ്കീറ്റ് മിക്സഡ് ടീം വെങ്കലമെഡൽ മത്സരത്തിനു യോഗ്യത നേടി. ഇവർ ഷൂട്ടിംഗിൽ ഇന്ത്യക്ക് പാരീസിൽനിന്ന് നാലാം മെഡൽ നല്കുമെന്നാണ് കരുതിയത്. ചൈനീസ് സഖ്യത്തിനെതിരായ മത്സരത്തിലെ ആദ്യഘട്ടത്തിൽ ഷോട്ടുകൾ ലക്ഷ്യത്തിലെക്കാൻ കഴിയാതെ പോയത് ഇവർക്കു തിരിച്ചടിയായി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് നാലാം സ്ഥാനത്തായത്. മീരബായി ചാനു പാരീസ് ഒളിന്പിക്സിലെ ഏറ്റവും വലിയ നിരാശ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹ്നത്തിൽ മീരബായി ചാനുവിന് മെഡൽ ലഭിക്കാതെ പോയതാണ്. തുടർച്ചയായ രണ്ടാം ഒളിന്പിക് മെഡൽ പ്രതീക്ഷകളുമായെത്തിയ ചാനു ഒരു കിലോയുടെ കുറവിലാണ് നാലാം സ്ഥാനത്തായത്. അർജുൻ ബബുത അർജുൻ ബബുതയാണ് ക്രൂരമായ വിധിക്ക് ഇരയായ മറ്റൊരു ഷൂട്ടർ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ നാലാം സ്ഥാനത്തെത്തിയാണ് ബബുത പോഡിയം നഷ്ടമാക്കിയത്. 208.4 ആയിരുന്നു ബബുതയുടെ ഫൈനൽ സ്കോർ. ഫൈനലിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രൊയേഷ്യയുടെ മിറാൻ മാരിസിച്ചിന്റെ സ്കോറിനെക്കാൾ 1.4 പോയിന്റ് മാത്രം കുറവിലാണ് ഇന്ത്യൻതാരം പുറത്താകുന്നത്.
മനു ഭാകർ രണ്ടു വെങ്കലമെഡലുകളുമായി ചരിത്രം കുറിച്ച മനു ഭാകറുടെ ഹാട്രിക് മെഡൽ നേട്ടം ചെറിയ വ്യത്യാസത്തിലാണ് നഷ്ടമായത്. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഹംഗറിയുടെ മജോർ വെറോണിക്കയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നാലാം സ്ഥാനത്തായി. ലക്ഷ്യ സെൻ ഒളിന്പിക്സിൽ സെമി ഫൈനലിലെത്തുന്ന ആദ്യ പുരുഷ ബാഡ്മിന്റണ് താരമെന്ന നേട്ടം കുറിച്ച ലക്ഷ്യ സെൻ നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ മലേഷ്യയുടെ ലീ ജിയ സീയോട് ആദ്യ ഗെയിം നേടി പ്രതീക്ഷകൾ നല്കിയെങ്കിലും അടുത്ത രണ്ടു ഗെയിമും നഷ്ടമാക്കി പോഡിയത്തിൽ കയറാനുള്ള അവസരം നഷ്ടമാക്കി. ഫോഗട്ട് വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടമാണ് ഇന്ത്യൻ കായിക ചരിത്രത്തിൽ ഏറ്റവും ഹൃദയഭേദകമായത്. വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിന്റെയന്ന് നടത്തിയ ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം കൂടിയതിനാൽ വിനേഷിനെ അയോഗ്യയാക്കി. ഇതിൽ വിനേഷ് നൽകിയ കേസിൽ അനുകൂലവിധിവന്നാൽ ഒരു മെഡൽ ലഭിച്ചേക്കും.
Source link