മുദ്രപ്പത്ര ക്ഷാമം: സർക്കാരിന് നോട്ടീസ്
കൊച്ചി: മുദ്രപ്പത്ര ക്ഷാമം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 10, 20, 100 രൂപ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. പി. ജ്യോതിഷാണ് ഹർജി നൽകിയത്.
വാടകക്കരാർ, ജനന-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്‌ക്ക് ഉയർന്ന തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാവുന്നു. സ്റ്റാമ്പ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്ന നാസിക് പ്രസിന് സംസ്ഥാന സർക്കാർ ആറു മാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന് വിവരാകാശ രേഖയിൽ വ്യക്തമാണ്. നിലവിൽ ഒരു ലക്ഷത്തിനു മുകളിലുള്ള മുദ്രപ്പത്രങ്ങൾ (നോൺ ജുഡിഷ്യൽ) ഡിജിറ്റലായി ലഭ്യമാക്കുന്നുണ്ട്. ചെറിയ തുകയ്ക്കുള്ളവയും ഇ-സ്റ്റാമ്പ് പേപ്പറുകളായി ലഭ്യമാക്കാൻ നിയമതടസ്സമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അതുവരെ ചെറിയ വിലയുള്ള മുദ്രപ്പത്രങ്ങൾ മുമ്പത്തേതുപോലെ ലഭ്യമാക്കാൻ ട്രഷറി ഡയറക്ടറോട് നിർദ്ദേശിക്കണമെന്നാണ് ആവശ്യം. ഹർജി സെപ്തംബർ നാലിന് പരിഗണിക്കും.
Source link