സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം
##സ്ഥിരീകരിച്ചത് തലസ്ഥാനത്ത്
തിരുവനന്തപുരം: ആശങ്കയേറ്റി തലസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്കാണ് (24) രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.
രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ ഇവർ തോട്ടിൽ കുളിച്ചതായി ആരോഗ്യപ്രവർത്തകരോട് പറഞ്ഞു. ലക്ഷണങ്ങളുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഇവരെ പേ വാർഡിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് പുരുഷന്മാർ അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലുണ്ട്. അമീബിക് മസ്തിഷ്ക ജ്വര ചികിത്സയ്ക്കായി വാർഡാക്കി മാറ്റിയ ഫിവർ ഐ.സി.യുവിലാണ് പുരുഷൻമാർ.
സംസ്ഥാനത്ത് ആദ്യഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വര കേസുകളെല്ലാം കുട്ടികളിലായിരുന്നു. ആദ്യമായി മുതിർന്നവരിൽ രോഗം കണ്ടെത്തിയതും തലസ്ഥാനത്തായിരുന്നു. കഴിഞ്ഞമാസം 23ന് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശി അഖിലാണ് (27) ആദ്യരോഗി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. മരിച്ചയാളും സുഹൃത്തുക്കളും പ്രദേശത്തെ കാവിൻകുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. ഇയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ള ആറുപേരും അപകടനിലതരണം ചെയ്തിരുന്നു. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയുള്ള സംയുക്തമാണ് രോഗികൾക്ക് നൽകുന്നത്.
Source link