ജീപ്പിന് മുകളിലെ ഷീറ്റെടുത്ത് മാറ്റി ഏഴ് യുവാക്കളുടെ സാഹസിക യാത്ര, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
വണ്ടിപ്പെരിയാർ: ജീപ്പിന് മുകളിലെ ഷീറ്റെടുത്തുമാറ്റി നിന്നുകൊണ്ട് യാത്രചെയ്‌ത സംഭവത്തിൽ നടപടിയുമായി എംവിഡി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാർ-വള്ളക്കടവ് റൂട്ടിൽ ഓഫ് റോഡ് ജീപ്പിന്റെ മുകളിലെ ഷീറ്റ് മാറ്റിയായിരുന്നു യാത്ര. ഞായറാഴ്‌ചയാണ് യുവാക്കളുടെ സാഹസിക യാത്രയുടെ വീഡിയോ പുറത്തുവന്നത്. ഏഴ് യുവാക്കളാണ് ജീപ്പിലുണ്ടായിരുന്നത്.
സംഭവം വിവാദമായതോടെ ജീപ്പ് ഉടമയോട് ഉടൻ വാഹനവുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. യുവാക്കളുടെ സാഹസിക യാത്ര പിന്നാലെ വന്ന വാഹനത്തിലുള്ളവർ പകർത്തി. ഇത് സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് നടപടി.
കാറിൽ അപകടകരമായി യാത്ര ചെയ്ത യുവാക്കൾക്ക് സാമൂഹ്യസേവന ശിക്ഷ മോട്ടോർ വാഹന വകുപ്പ് നൽകിയ സംഭവം മുൻപ് ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘമാണ് കെ.പി റോഡിൽ ഇന്നോവ കാറിന്റെ ഡോറിൽ ഉൾപ്പെടെ ഇരുന്ന് അപകടയാത്ര നടത്തിയത്.
ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തുകയും വാഹനവും ഡ്രൈവറെയും യാത്ര ചെയ്തവരെയും കണ്ടെത്തുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അൽ ഖാലിദ് ബിൻ സാജിറിന്റെ ലൈസൻസ് റദ്ദാക്കി. രണ്ടായിരം രൂപ പിഴയും ചുമത്തി. യാത്രക്കാരായ ആദിക്കാട്ടുകുളങ്ങര, ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവർക്കാണ് സാമൂഹ്യസേവനം നിർദ്ദേശിച്ചത്.
നാല് ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും സഹായികളായി നിൽക്കുക, തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകുക എന്നിവയാണ് ശിക്ഷ നൽകിയത്.
Source link